പൊട്ടത്തരത്തിന് മറുപടിയില്ല;പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; ഒപ്പ് വിവാദത്തില്‍ എം.വി ജയരാജന്‍
Kerala News
പൊട്ടത്തരത്തിന് മറുപടിയില്ല;പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞുതരും; ഒപ്പ് വിവാദത്തില്‍ എം.വി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2020, 4:56 pm

കണ്ണൂര്‍: വ്യാജ ഒപ്പ് വിവാദത്തില്‍ ആരോപണം ഉന്നയിച്ച സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തോട് ചോദിച്ചാല്‍ അറിയാമെന്നും ഡിജിറ്റല്‍ ഒപ്പിനെ പറ്റി മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയെ പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുകയെന്നും എം.വി ജയരാജന്‍ പറഞ്ഞു.

അവരുടെ പൊട്ടത്തരത്തിന് മറുപടിയില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി വിദേശത്ത് ആയിരുന്ന സമയത്ത് വ്യാജ ഒപ്പിട്ടെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജയരാജനെ മാറ്റിയതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

”വാസ്തവത്തില്‍ കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിയുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2018 സെപ്തംബര്‍ 2ന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. സെപ്തംബര്‍ 2ന് അമേരിക്കയിലേക്ക് പോയ പിണറായി വിജയന്‍ തിരിച്ചെത്തുന്നത് സെപ്തംബര്‍ 23നാണ് എന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം.

”സെപ്തംബര്‍ മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്‍ സെപ്തംബര്‍ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്‍ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോ. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടാന്‍ ഓഫീസില്‍ ആളുകളുണ്ടോ?” സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ ഒപ്പിടാന്‍ സാധിക്കില്ലല്ലോ, ഇത് നിയമ വിരുദ്ധമല്ലേ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

പ്രധാന്യമുള്ള ഫയലില്‍ അല്ല മുഖ്യമന്ത്രിയുെട വ്യാജ ഒപ്പുവന്നതെങ്കിലും വിഷയം ഗൗരവതരമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞത്. മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാത സമയത്ത് ഫയലില്‍ മുഖ്യമന്ത്രിയുടെ ഡിജിറ്റല്‍ ഒപ്പല്ല രേഖപ്പെടുത്തിയതെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര നീട്ടിവെക്കുകയും ചെയ്തിരുന്നു. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: kerala cm’s fake sign controversy m v jayarajan replay to sandeep warrier