| Monday, 27th June 2022, 1:41 pm

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ ഒരു ചെറിയ പ്രതിഷേധമെങ്കിലും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലായിരുന്നോ; ബി.ജെ.പിയുടെ ഭീഷണിയില്‍ കോണ്‍ഗ്രസ് മുട്ടിലിഴയുന്നു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ശക്തമായ പ്രതികരണമോ പ്രതിഷേധമോ പുറത്തുവിടാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വിയും സി.പി.ഐ.എമ്മിന് വേണ്ടി സീതാറാം യെച്ചൂരിയും വിഷയത്തില്‍ പങ്കുവെച്ച പ്രതികരണങ്ങളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

”ടീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പിയും മലയാളിയുമായ ആര്‍.ബി. ശ്രീകുമാര്‍ ഇവര്‍ രണ്ട് പേരും ഇപ്പൊ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ജനാധിപത്യവിരുദ്ധ അറസ്റ്റില്‍ സാധാരണ ജനാധിപത്യ പാര്‍ട്ടികളെല്ലാം പ്രതിഷേധിക്കും.

എന്താണ് കോണ്‍ഗ്രസിന്റെ പ്രതികരണം, നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ‘ടീസ്ത സെതവല്‍വാദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുണ്ടായ വര്‍ഷങ്ങളില്‍ നടന്ന വ്യാജരേഖ ചമക്കല്‍, കെട്ടിച്ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് അറസ്റ്റെന്ന് മനസിലാക്കുന്നു.

ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ല,- ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ പ്രതികരണമാണ്.

ഇനി സി.പി.ഐ.എമ്മിന്റെ പ്രതികരണം നോക്കാം. ‘ഗുജറാത്ത് കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണം.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പോരാടിയ ടീസ്തയെ അറസ്റ്റ് ചെയ്തതിനെ അപലപിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഭരണകൂടത്തിന്റെ പങ്ക് ചോദ്യം ചെയ്യുന്ന ജനാധിപത്യ വിശ്വാസികള്‍ക്കുള്ള ഭീഷണിയാണ് ഈ അറസ്റ്റ്. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരാണ്.

ജുഡീഷ്യല്‍ സംവിധാനത്തില്‍ ടീസ്തയെ പോലുള്ളവരെ ശിക്ഷിക്കുകയാണ് ഈ വിധി. തിരുത്തല്‍ ഹരജിക്ക് സാധ്യതയുള്ള കേസാണിത്,’ – വ്യക്തമാണ് രണ്ട് പ്രതികരണവും.

നേരത്തെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ആരാണ് ബി.ജെ.പിയോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നത്, ആരാണ് ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അറസ്റ്റിനെതിരെ വലിയ പ്രതിഷേധമൊന്നും വേണ്ട, എന്നാലും ഒരു ചെറിയ പ്രതിഷേധമെങ്കിലും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലായിരുന്നോ.

എന്താണ് അങ്ങനെ ചിന്തിക്കാന്‍ പറ്റാതിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ ദിവസമാണ് അവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധരെ മുഴുവന്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമായാണ് ഈ അറസ്റ്റിനെ കാണേണ്ടത്.

ആ ഭീഷണിക്ക് മുന്നിലാണ് കോണ്‍ഗ്രസ് മുട്ടുവിറച്ച് മൗനം പാലിക്കുന്നത്. ബി.ജെ.പിയെ ഭയന്ന് കോണ്‍ഗ്രസ് മുട്ടിലിഴയുന്ന കാഴ്ചയാണുള്ളത്. ഇത് ഗൗരവമായി കാണേണ്ട പ്രശ്‌നമാണ്. ഞങ്ങള്‍ക്കെതിരെ പറയുന്ന കോണ്‍ഗ്രസിന്റെ ആളുകള്‍ ഇതുകൂടി മനസില്‍ വെക്കുന്നത് നല്ലതാണ്.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ലീഗ് പോലുള്ള മറ്റ് പാര്‍ട്ടികളും ഈ കാര്യം ചിന്തിക്കുന്നത് നന്നാവും,” മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Kerala CM Pinarayi Vijayan on Teesta Setalvad’s arrest and Congress’s reaction to it

We use cookies to give you the best possible experience. Learn more