സോഷ്യല്‍ മീഡിയയല്ല, തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമപ്രവര്‍ത്തകരാണ്; മനോരമ ന്യൂസില്‍ പിണറായി വിജയന്‍ - വീഡിയോ
Kerala News
സോഷ്യല്‍ മീഡിയയല്ല, തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമപ്രവര്‍ത്തകരാണ്; മനോരമ ന്യൂസില്‍ പിണറായി വിജയന്‍ - വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 6:10 pm

കോഴിക്കോട്: തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് സാമൂഹിക മാധ്യമങ്ങളല്ല മാധ്യമപ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളിലെ ചില അവതാരകര്‍ സ്വീകരിക്കുന്ന രീതി ആപല്‍ക്കരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാര ചടങ്ങില്‍ ജോണി ലുക്കാസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“വാര്‍ത്തകളെ സാമൂഹിക വിരുദ്ധ അജണ്ടകളിലേക്ക് കൊണ്ട് പോകുന്നത് സോഷ്യല്‍ മീഡിയ അല്ല. മനുഷ്യന്മാര്‍ തമ്മില്‍ പരസ്പ്പരം സംസാരിക്കുമ്പോള്‍ ചില പരദൂഷണങ്ങളൊക്കെ ഉണ്ടാകും. കൂടാതെ സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നറിയാതെ സംഭവിക്കുന്ന ചിലകാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ അതേസമയം ആരോഗ്യകരമായ ഒട്ടേറ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട് അവിടെ ആരോഗ്യകരമായത് പ്രോത്സാഹിപ്പിക്കുകയും മറ്റത് തള്ളിക്കളയുകയുമാണ് വേണ്ടത്” ഹനാന്‍ സംഭവത്തെ മുന്നില്‍ നിര്‍ത്തിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


Read Also : സമ്മയ്ച്ച് സാറമ്മാരെ, മാതൃഭൂമി ഒരു സംഭവമാണ്


ചാനലുകളില്‍ രാത്രി നടത്തുന്ന ചര്‍ച്ചകളില്‍ എന്ത്മാത്രം മോശം രീതിയിലാണ് നടക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകള്‍ അവിടെയില്ലാത്ത ആളുകളെ വ്യക്തിപരമായി ഏതൊക്കെ തരത്തിലാണ് ആക്ഷേപിക്കുന്നത്. ചര്‍ച്ചയില്‍ സംസാരിക്കുന്നത് പൊതു സംസ്ക്കാരത്തിന് ചേരാത്ത രീതിയിലാകാന്‍ പാടില്ല. അത്തരം കാര്യങ്ങളില്‍ നിങ്ങളാണ് നിയന്ത്രണം പാലിക്കേണ്ട്ത്” മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയല്ലേ നിയന്ത്രണം പാലിക്കേണ്ടത് എന്ന അവതാരകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരോട് താങ്കള്‍ കുറച്ച് അകലം പാലിക്കുന്നതായി ഒരു പക്ഷെ തോന്നിയിട്ടുണ്ട്, ഞങ്ങളെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് മാധ്യമപ്രവര്‍ത്തകരോട് അകലമൊന്നുമില്ലെന്നും ഞാന്‍ എന്ത് സംസാരിക്കണമെന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടതെന്നും എനിക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“നിങ്ങള്‍ മനസ്സിലൊരു കാര്യം കരുതി, നിങ്ങളുടെ കയ്യിലുള്ള വടിയും നീട്ടിപ്പിടിച്ച് സംസാരിക്കണമെന്ന് പറഞ്ഞാല്‍ അതിന് എന്നെ കിട്ടില്ല എന്ന് മാത്രമാണ്, അത് ആരോടും വിദ്വേഷമുള്ളത് കൊണ്ടല്ല. അത് എന്റെ നിലപാടാണ്”. മുഖ്യമന്ത്രി പറഞ്ഞു.

മനോരമ ന്യൂസ് “ന്യൂസ്‌മേക്കര്‍ 2017” പുരസ്‌കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമ്മാനിച്ചു.

വീഡിയോ കാണാം