| Saturday, 9th November 2019, 12:38 pm

'തര്‍ക്ക സ്ഥലത്ത് രാമ വിഗ്രഹം കൊണ്ടുവെച്ചതും ബാബ്‌റി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു'; പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അയോധ്യ തര്‍ക്കഭൂമി കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

”അയോധ്യ കേസില്‍ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ പ്രശ്‌നത്തിലാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അന്തിമമായി തീര്‍പ്പ് കല്‍പ്പിച്ചത്. അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് രാമ വിഗ്രഹം കൊണ്ടുവെച്ചതും ബാബ്‌റി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണ് എന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു.

ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നാണ് രാജ്യം വലിയ കലാപത്തിന്റെ വേദിയായത്. ഈ വിധിയോടെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയപരമായ വിഷയങ്ങള്‍ക്കാണ് തീര്‍പ്പ് ഉണ്ടായിരിക്കുന്നത്. വിധി തങ്ങള്‍ കാലാകാലമായി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവും ഉണ്ട്. രണ്ട് കൂട്ടരും സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താത്പര്യത്തോടെയും വിധിയോട് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സമാധാന ജീവിതം തകരുന്ന ഒരു ഇടപെടലും ഉണ്ടാവരുത്. ബാബ്‌റി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ കേരളം വിവേകത്തോടെയും സമാധാനപരമായാണ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് പറയത്ത അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

അതേരീതിയില്‍ കൂടുതല്‍ പ്രതിബന്ധതയോടെ നാം തുടരേണ്ടതുണ്ട്. സുപ്രീം കോടതി വിധിയോടുള്ള പ്രതികരണങ്ങള്‍ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണം.

സുപ്രീം കോടതി വിധി അന്തിമമാണ് എന്നതിനാല്‍ ഈ ഘട്ടത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ ബാധ്യസ്ഥരാണ്. സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെ കരുത്തുമാകണം നമ്മുടെയാകെ ഈ സന്ദര്‍ഭത്തിലെ പരിഗണന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിധിയുടെ പശ്ചാത്തലത്തില്‍ സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് .പ്രകോപനപരായ പ്രതികരണങ്ങള്‍ അനുവദിക്കില്ല. പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ജാഗരൂകരാകണമെന്നും സമാധാനം നിലനിര്‍ത്തുന്നതിന് സഹകരിക്കുകയും അതിന് എല്ലാ പിന്തുണ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

വിധിയുടെ വിവിധ വശങ്ങള്‍ വിലയിരുത്തിയ ശേഷം അത്തരം കാര്യങ്ങളിലേക്ക് കടക്കാം. വിധിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more