കേന്ദ്ര ബജറ്റ്; സംസ്ഥാനങ്ങളെ അവഗണിക്കുന്നതിനെ പ്രതിരോധിക്കും, പരിഗണിക്കുന്നതില്‍ വിമര്‍ശിക്കാനില്ല: പിണറായി വിജയന്‍
Kerala News
കേന്ദ്ര ബജറ്റ്; സംസ്ഥാനങ്ങളെ അവഗണിക്കുന്നതിനെ പ്രതിരോധിക്കും, പരിഗണിക്കുന്നതില്‍ വിമര്‍ശിക്കാനില്ല: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2024, 7:20 pm

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കേന്ദ്ര ബജറ്റിലൂടെ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബജറ്റില്‍ പരിഗണിക്കുന്നതിനെ വിമര്‍ശിക്കുന്നില്ല, പക്ഷെ സംസ്ഥാനങ്ങളെ അവഗണിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തെ പ്രകൃതി ദുരന്ത നിവാരണ പദ്ധതികളിലും ടൂറിസം മേഖലയിലും കേന്ദ്ര ബജറ്റ് പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി ശാക്തീകരിക്കപ്പെടാതെ സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ബജറ്റില്‍ ചൂണ്ടിക്കാട്ടുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളിലെ സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ നികുതി അധികാരം മാത്രമേയുള്ളൂ. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളില്‍ മോദി സര്‍ക്കാര്‍ ഗണ്യമായ വെട്ടിക്കുറവ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി ഉള്‍പ്പെടെയുള്ളവയ്ക്ക് കേന്ദ്ര ബജറ്റ് നീക്കിവെച്ചിരിക്കുന്ന ഫണ്ടിന്റെ വിവരങ്ങള്‍ നിരത്തിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ബജറ്റ് നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബജറ്റ് അവതരണത്തിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള ഇടതു എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപോയിരുന്നു. പ്രതിപക്ഷ കക്ഷികളെ തഴഞ്ഞും സഖ്യകക്ഷികളെ തലോടിയുമുള്ള കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

Content Highlight: Kerala CM Pinarayi Vijayan criticized 2024 Union Budget