| Monday, 12th October 2020, 3:17 pm

ഫാ. സ്റ്റാന്‍ സ്വാമിക്ക്‌ നീതി ലഭിക്കണം; ജയിലിലടച്ച നടപടി ഖേദകരമെന്ന്‌ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട്‌ വൈദികനുമായ ഫ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റു ചെയ്‌ത്‌ ജയിലലടച്ച നടപടി ഖേദകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്ക്‌ നേരെ ഉണ്ടായ ജനാധിപത്യ ധ്വംസനങ്ങള്‍ ചോദ്യം ചെയ്യുന്നതിനെ കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ ഒരു തരത്തിലും യോജിച്ച നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നയാളാണ്‌ എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമി.

ഭൂമിയ്‌ക്ക്‌ വേണ്ടിയും വനാവകാശത്തിന്‌ വേണ്ടി ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണയ്‌ക്കുകയും അത്തരം പ്രശ്‌നങ്ങളെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ്‌ ഫാ. സ്റ്റാന്‍ സ്വാമി അംഗീകാരം നേടിയിട്ടുള്ളത്‌. അത്തരമൊരു വയോധികനെതിരായ നീക്കം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നടപടിയാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലയാളി കൂടിയായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനിലയിലും ഈ കൊവിഡ്‌ കാലത്ത്‌ അദ്ദേഹത്തിന്‌ നേരിടേണ്ടി വന്ന പ്രയാസങ്ങളിലും ഉത്‌കണ്‌ഠ രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാന്‍ സ്വാമിക്ക്‌ നീതി ലഭിക്കാനായി നടത്തുന്ന ശ്രമങ്ങളോട്‌ ഐക്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ലക്ഷ്യങ്ങള്‍ക്ക്‌ ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആക്ഷേപം ഈ വിഷയത്തിലും ഉയര്‍ന്നിട്ടുണ്ട്‌. ഇത്‌ ഗൗരവതരമായി പരിശോധിക്കപ്പെടേണ്ട ഒന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭീമ കൊറേഗാവ്‌ കേസിലാണ്‌ കത്തോലിക്ക പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ്‌ ചെയ്‌തത്‌. വാറന്റ്‌ ഇല്ലാതെയായിരുന്നു എന്‍.ഐ.എ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തത്‌.

എന്‍.ഐ.എ 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്‌തിരുന്നതായും സ്റ്റാന്‍ സ്വാമി പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്‌ തന്നോട്‌ ചോദിച്ചതെന്നും അടുത്തിടെ പുറത്ത്‌ വിട്ട വീഡിയോയില്‍ സ്‌റ്റാന്‍ സ്വാമി പറഞ്ഞു.

ഭീമ കൊറേഗാവ്‌ കേസുമായി ബന്ധപ്പെട്ട്‌ 2018ലും ഇദ്ദേഹത്തിന്റെ വീട്‌ എന്‍.ഐ.എ റെയ്‌ഡ്‌ ചെയ്‌തിരുന്നു. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്ന ആളാണ്‌ അദ്ദേഹം. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വളരെ മോശമായിട്ടാണ്‌ പെരുമാറിയതെന്ന്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു.

ഭീമ കൊറേഗാവ്‌ കേസില്‍ സംഭവിച്ചത്‌

2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചെത്തുകയും ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും, അതുവഴി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലിന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്.

എന്നാല്‍ കേസന്വേഷത്തിനായി തുടര്‍ന്ന് നിയോഗിക്കപ്പെട്ട മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു.

ഈ കേസില്‍ ഇതിനോടകം സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala CM Pinarayi Vijayan comment  on Father Stan Swamy

We use cookies to give you the best possible experience. Learn more