| Wednesday, 30th December 2020, 10:22 am

'ഉന്നയിച്ചാല്‍ മറുപടി പറയാതിരിക്കാന്‍ പറ്റില്ലല്ലോ, ധരിക്കുന്ന വേഷത്തിന് പറ്റാത്ത സമീപനമല്ലേ ശവത്തിനോട് പോലും കാണിച്ചത്'; സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം വീണ്ടും ചര്‍ച്ചയാകുന്നതിനിടെ മലപ്പുറത്ത് കേരളപര്യടനത്തിനിടെ വിഷയം ഉയര്‍ത്തിയ ഓര്‍ത്തഡോക്‌സ് പ്രതിനിധിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സഭകള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുവരെ വിഷയത്തില്‍ നടത്തിയ ഇടപടെലുകള്‍ അക്കമിട്ട് നിരത്തിയാണ് സഭാനേതൃത്വത്തിലുള്ളവര്‍ക്ക് മറുപടി നല്‍കിയത്.

സഭാ തര്‍ക്കം ഇവിടെ ഉന്നയിക്കേണ്ട വിഷയമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉന്നയിച്ചാല്‍ മറുപടി പറയാതിരിക്കാന്‍ സാധിക്കില്ലല്ലോ എന്ന് പറഞ്ഞാണ് സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

” സഭകള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയിലൂടെ പരിഹാരം കാരണമെന്ന് വിചാരിച്ച് ഒരു മന്ത്രി സഭാ ഉപസമിതി വെച്ചു.

മന്ത്രി സഭാ ഉപസമിതിയുടെ മുന്നില്‍ പോകാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയ്യാറായില്ല. ഇതിനിടയിലാണ് നിങ്ങള്‍ ധരിക്കുന്ന വേഷത്തിന് അനുയോജ്യമല്ലാത്ത സമീപനം ശവത്തിനോട് സ്വീകരിച്ചത്.

മനുഷ്യന്റെ ഒരു പ്രത്യേകത ശവത്തെ ആദരിക്കുമെന്നതാണ്. പക്ഷേ നമ്മള്‍ എന്താണ് കണ്ടത്. തര്‍ക്കങ്ങള്‍ കാരണം ശവസംസ്‌കാരം നടത്താന്‍ അനുവദിക്കാതിരിക്കുന്ന നടപടിവരെ കണ്ടു. ഇക്കാരണത്താലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്.

എല്ലാവരും ഓഡിനന്‍സ് അനുകൂലിക്കുകയും ചെയ്തു. അതോടെ സംസ്‌കരിക്കല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

ഞാന്‍ നേരിട്ട് നിങ്ങളെ രണ്ട് കൂട്ടരെയും വിളിച്ചിരുന്നു. നിങ്ങള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്കും ഞാന്‍ ഇടപെട്ടും സംസാരിച്ചു. പ്രശ്‌നപരിഹാരത്തിന് ഞാന്‍ മുന്നോട്ട് വെച്ച നിര്‍ദേശം മറ്റ് ക്രൈസ്തവസഭാ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനാണ്.

അതും പറ്റില്ലെന്ന് നിങ്ങളാണ് പറഞ്ഞത്. അപ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഒരാളെ വെച്ച് ചര്‍ച്ച ചെയ്യാം എന്ന് ഞാന്‍ പറഞ്ഞത്.എന്നാല്‍ ഞാന്‍ മുന്‍കൈയെടുത്ത് ചര്‍ച്ച ചെയ്യണമെന്ന് നിങ്ങള്‍ ആവശ്യപ്പെട്ടു.

അങ്ങനെ തന്നെ ആവട്ടെ എന്നും പറഞ്ഞു.അവസാനത്തെ ചര്‍ച്ചയില്‍ ഇരുകൂട്ടരോടും സംസാരിക്കാന്‍ പറഞ്ഞു. അപ്പോഴും സെനഡ് കൂടിയതിന് ശേഷമേ ചര്‍ച്ച നടക്കുകയുള്ളൂ എന്നാണ് നിങ്ങള്‍ പറഞ്ഞത്.

നിങ്ങള്‍ കൈവശപ്പെടുത്താന്‍ നോക്കുന്ന പള്ളികളേതൊക്കെയാണ്. അവിടെയുള്ള കുടുംബങ്ങളില്‍ മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് നിങ്ങളുടേതുള്ളത്. ബാക്കി മുഴുവന്‍ മറ്റവരാണ്.

അതാണ് പ്രശ്‌നം. പള്ളി പിടിക്കാന്‍ പോകുമ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍ അവിടെ നിലനില്‍ക്കുന്നുണ്ട്. അത് വലിയ പ്രശ്‌നമല്ലേ. ആളുകളുടെ വികാരമല്ലേ. ജുഡീഷ്യറിയെ മാനിക്കാത്ത പ്രശ്‌നമല്ലേ ഇത്. നിങ്ങളുടെ മുതിര്‍ന്നവരോട് ആദ്യം ചോദിക്കു എന്തുകൊണ്ടാണ് പിന്നോട്ട് പോയതെന്ന്. എന്നിട്ടാകാം ബാക്കി സംസാരം,” മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ബി.ജെ.പി ഇടപെടുന്നത് ചര്‍ച്ചകളിലേക്കെത്തുന്ന ഘട്ടത്തിലാണ് പള്ളിതര്‍ക്കത്തില്‍ സഭാ നേതൃത്വത്തിലുള്ളവരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മുന്നോട്ട് വരുന്നത്. പള്ളി തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാര്‍ഹമാണ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala CM Pinarayi express his stands on Yacobaya Orthodox dispute

We use cookies to give you the best possible experience. Learn more