മുംബൈ: പി.സി ചാക്കോയുടെ എന്‍.സി.പി പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് പറഞ്ഞുവെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. പി.സി ചാക്കോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു പവാറിന്റെ പ്രതികരണം.
‘കേരളത്തിന്റെ മുഖ്യമന്ത്രി എന്നെ വിളിച്ചിരുന്നു. പി.സി ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നത് ഇടതുപക്ഷത്തിന് സന്തോഷം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു’, പവാര്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍.സി.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്.
‘പവാറുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഭാവി നടപടികള്‍ക്കായി സീതാറാം യെച്ചൂരിയേയും ഗുലാം നബി ആസാദിനേയും കണ്ടു. കേരളത്തില്‍ ഞാന്‍ ഇടതുമുന്നണിയ്ക്കൊപ്പം നില്‍ക്കും’, ചാക്കോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്ക് കാരണമായത്.
ദേശീയ നേതൃത്വത്തിനെതിരെ കത്തു നല്‍കിയവര്‍ തന്നെ സമീപിച്ചിരുന്നു എന്നാല്‍ താനതില്‍ ഒപ്പിടാന്‍ തയ്യാറായില്ലെങ്കിലും അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ശരിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞിരുന്നു.
1980ല്‍ പിറവത്തു നിന്നാണ് പി.സി ചാക്കോ ആദ്യമായി മത്സരിക്കുന്നത്. 1975ല്‍ അദ്ദേഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. എഴുപതുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിലുമിരുന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക