പൊലീസില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് പിണറായി വിജയന്‍
Kerala News
പൊലീസില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st November 2018, 9:54 am

തിരുവനന്തപുരം: പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ചിലര്‍ ജാതിയും മതവും പറഞ്ഞ് ആക്രമിക്കുകയാണെന്ന് പിണറായി വ്യക്തമാക്കി.

പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുകയും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. നേരത്തെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ നിയോഗപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കേന്ദ്രങ്ങള്‍ പ്രചാരണങ്ങള്‍ അഴിച്ച് വിട്ടിരുന്നു.

ALSO READ:‘അച്ചടക്കം പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ രാജി വച്ച് പുറത്ത് പോകണം’; ഉര്‍ജിത് പട്ടേലിനെതിരെ ആര്‍.എസ്.എസ്

വിധി നടപ്പാക്കാന്‍ ചുമതല ലഭിച്ച ഐ.ജി. മനോജ് എബ്രഹാമിനെതിരെയാണ് വ്യാപകമായി പ്രചാരണം നടത്തിയത്. തുടര്‍ന്ന് ശബരിമല വിഷയത്തില്‍ ഐ.ജിയെ വിമര്‍ശിച്ച 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കൂടാതെ കഴിഞ്ഞ ദിവസം ബി.ജെ.പി. നടത്തിയ ഐ.ജി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി. ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ചിരുന്നു. ഈ സാഹതര്യത്തിലാണ് കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്.