| Thursday, 12th December 2019, 6:47 pm

'കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല'; ദേശീയ പൗരത്വ ബില്ലിനോട് നോ പറഞ്ഞ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ല് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരത്വമാണ് എന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യാ വിഭജനം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് മതരാഷ്ട്രമായ പാകിസ്ഥാന്‍ അല്ല വേണ്ടത്; മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാന്‍ താല്‍പര്യം എന്നു പറഞ്ഞ് ഇങ്ങോട്ട് കടന്നുവന്ന അനേകായിരം മുസ്ലിം സഹോദരങ്ങള്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാകിസ്ഥാനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍.എസ്.എസിന്റേത്. വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന നാട് എന്നതാണ് ഇന്ത്യയുടെ സാര്‍വദേശീയ ഖ്യാതി. അത് തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് ഭരണഘടനാ ദത്തമാണ്. ആ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ നയം. സവര്‍ക്കര്‍ തുടങ്ങിവെച്ച് ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയിലൂടെ വളര്‍ത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജണ്ട പ്രാവര്‍ത്തികമാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഭരണഘടനയാണ് എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പുവരുത്തുന്നത്. ആ ഭരണഘടന രൂപപ്പെട്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വിവിധ ചിന്താഗതികളെയും സമരങ്ങളെയും ഒക്കെ സ്വാംശീകരിച്ച പുരോഗമന മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ്. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ ലിംഗത്തിന്റെയോ തൊഴിലിന്റെയോ ഭേദവിചാരങ്ങളില്ലാതെ ഇന്ത്യക്കാരായ എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന ഒന്നാണ് ഇന്ത്യന്‍ പൗരത്വം. ആ ഉറപ്പ് ലംഘിക്കുന്നതാണ് കേന്ദ്രം പാസാക്കിയെടുത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാകാലങ്ങളായി ഈ പ്രദേശത്ത് വന്നെത്തിയ ജനങ്ങളെയെല്ലാം ഉള്‍ക്കൊണ്ട് സമ്പുഷ്ഠമായ സമൂഹമാണ് നമ്മുടേത്. നാനാത്വത്തില്‍ ഏകത്വമെന്ന ആശയം ഇന്ത്യന്‍ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തെയും അതിന്റെ ശക്തിയെയും ചോര്‍ത്തിക്കളയുന്ന നീക്കമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ അട്ടിമറിക്കാന്‍ കഴിയില്ല എന്ന് സപ്രീംകോടതി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിയമവും ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല എന്നത് വ്യക്തമാണ്. അത് ബോധ്യമുള്ളപ്പോള്‍ തന്നെ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ പാസാക്കുന്നതിനു പിന്നില്‍ നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ജനാധിപത്യത്തെയും സമത്വത്തെയും പിച്ചിച്ചീന്തി സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യ റിപ്പബ്ലിക്ക് എന്ന സ്വത്വത്തെ അട്ടിമറിക്കുന്ന നടപടികളിലേക്കുള്ള ചുവടുവെയ്പ്പാണ് ഇത് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇതിനെതിരെ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. രാജ്യത്തിന്റെ സമ്പദ്ഘടനപരിതാപകരമായ നിലയിലാണ് എന്ന് വ്യക്തമാക്കുന്ന പഠനങ്ങളും കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയശക്തികള്‍ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് തിരിയുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും ഹിറ്റ്‌ലര്‍ ജര്‍മനിയിലുമൊക്കെ വിജയകരമായി പരീക്ഷിച്ച തന്ത്രമാണത്. അവയ്ക്ക് വലിയ ആയുസ്സുണ്ടാവില്ല എന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ നിയമഭേദഗതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധവും രോഷവും നല്‍കുന്ന സൂചനയും അതുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല. കേരളം ഇത് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more