മധ്യകേരളത്തിന്റെ ഭൂരിഭാഗവും ഏറെ വൈകാതെ സമുദ്ര ജലത്തിനടിയില്‍പ്പെടാന്‍ പോവുകയാണെന്ന സൂചന നല്‍കുകയാണ് ന്യൂജേഴ്സി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന ശാസ്ത്ര സംഘടന. 2050 ഓടെ കേരളത്തിലെ പലപ്രദേശങ്ങളിലും കടല്‍നിരപ്പുയരുന്നതിന്റെ ഭാഗമായി വെള്ളത്തിനിടയില്‍പ്പെടുമെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേച്ചര്‍ പബ്ലിക്കേഷന്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങളെയും കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങളേയും ആസ്പദമാക്കി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ കൃത്യതയില്‍ സംശയിക്കാന്‍ ഇല്ല. മുന്‍പ് നടത്തിയ പഠനങ്ങളെക്കാള്‍ കൃത്യത ഉള്ളതാണ് ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍.
അതായത്, മധ്യകേരളത്തിന്റെ തീരപ്രദേശങ്ങളായ കുട്ടനാട്, വൈപ്പിന്‍, കൊച്ചി ദ്വീപ്, വൈക്കം ,തൃശ്ശൂര്‍ ജില്ലയില ചിലഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളാണ് സമുദ്രജലത്തിനടിയില്‍പ്പെടാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടനാടും ചുറ്റുമുള്ള പ്രദേശങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും സ്ഥിരമായ വെള്ളക്കെട്ടിലാകും എന്നാണ് പഠനം പറയുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ എറണാകുളവും പരിസര പ്രദേശങ്ങളും കുട്ടനാടിനേക്കാള്‍ ഭീകരമായ രീതിയിലായിരിക്കും ജലനിരപ്പിന്റെ ഉയര്‍ച്ച ബാധിക്കാന്‍ പോകുന്നത്.
മണ്‍റോതുരുത്തില്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളും മോഡലില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിതീവ്രമായ കാലാവസ്ഥ പ്രതിഭാസത്താല്‍ കേരളത്തില്‍ 1-2 മീറ്റര്‍ കടലുയരുന്നത് പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും ഈ റിപ്പോര്‍ട്ട് നഗരാസൂത്രകര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
‘പ്രൊജക്ഷന്‍ അരമീറ്ററിനപ്പുറത്താണെങ്കിലും, ഭാവിയില്‍ ഇത് ശ്രദ്ധിക്കേണ്ട ഒന്നാണ്. എങ്കിലും ചൂണ്ടിക്കാട്ടിയിരിക്കുന്ന സൂചകങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധികൊടുക്കേണ്ടതുണ്ട്. ആഗോള താപന സൂചകങ്ങളായ അന്റാര്‍ട്ടിക്ക് ഐസ് ഉരുകല്‍, ഹിമാലയന്‍ ഹിമാനി ഉരുകല്‍, ചുഴലിക്കാറ്റ്, ശക്തമായ മഴ തുടങ്ങിയ സൂചകങ്ങളാണ് ഈ പ്രൊജക്ഷന്‍ പരിശോധിക്കുന്നത് നിലവില്‍, സമുദ്രനിരപ്പില്‍ നിന്നുള്ള പരമാവധി ഉയര്‍ച്ച ആഗോളതലത്തില്‍ ഏകദേശം 3 മില്ലിമീറ്ററാണ്. പക്ഷേ,കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളം വെള്ളപ്പൊക്കത്തിന് ഇരയാകുന്നുണ്ട് . കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ അപകടഭീഷണിയിലുമാണ്’- കുസാറ്റിലെ റിട്ടയേര്‍ഡ് ഫിസിക്കല്‍ ഓഷ്യാനോഗ്രഫി പ്രൊഫസര്‍ ആയിരുന്ന ബാലചന്ദ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്താല്‍ സമുദ്രനിരപ്പ് ഉയരുകയും മഴ കൂടുതല്‍ സാന്ദ്രതയില്‍ പെയ്യുകയും ചെയ്യുമ്പോള്‍ തീരദേശത്ത് വെള്ളക്കെട്ടും പ്രളയവും പതിവാകുമെന്നും കടലില്‍ രൂപമെടുക്കുന്ന ചുഴലികളുടെ എണ്ണവും സാന്ദ്രതയും കൂടുമെന്നും മുന്‍പ് പരിചയമില്ലാത്ത പ്രദേശങ്ങളില്‍ കാറ്റ് ഉണ്ടാകുമെന്നും ഐ .പി .സി .സി .റിപ്പോര്‍ട്ടില്‍ നേരത്തെ പറഞ്ഞിട്ടുണ്ട്
കാലാവസ്ഥ ഇതുപോലെ പോവുകയാണെങ്കില്‍ 30വര്‍ഷത്തിനുള്ളില്‍ മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളുടെ ഭാഗങ്ങളും കടലിനടിയില്‍ ആകുമെന്നും പഠനം പറയുന്നു. 2050 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ 3.6 കോടി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
‘ക്ലൈമറ്റ് സെന്‍ട്രലി’ന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മുരളീ തുമ്മാരക്കുടി കാലവസ്ഥവ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കാന്‍പോകും എന്ന കാര്യത്തിലെ ആശങ്ക പങ്കുവച്ചിട്ടുണ്ട്. കൊച്ചിയില്‍ വീണ്ടും മഴപെയ്ത് വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ വരുംവര്‍ഷങ്ങളില്‍ കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥ എന്താകും എന്ന ആശങ്കയാണ് അദ്ദേഹം പങ്കു വയ്ക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങളെയും കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങളേയും ആസ്പദമാക്കി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതിന് മുന്‍പ് നടത്തിയ പഠനങ്ങളെക്കാള്‍ കൃത്യത ഉള്ളതാണെന്നും തെറ്റുപറ്റാന്‍ സാധ്യത ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
2050 ല്‍ ഒരു ദിവസം നാലുകോടി ആളുകള്‍ വെള്ളത്തിനടിയിലാകുക എന്നതല്ല സംഭവിക്കാന്‍ പോകുന്നതെന്നും ക്രമേണ തീവ്ര മഴയും വെള്ളക്കെട്ടും പതിവാകുന്നതോടെ ആളുകളും സര്‍ക്കാരും എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങമെന്നും സര്‍ജറി വേണ്ട രോഗത്തിന് ബാന്‍ഡ് എയ്ഡ് ഒട്ടിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നതുപോലെ , ആദ്യമൊക്കെ തറയുടെ നിരപ്പുയര്‍ത്തി, പിന്നീട് കാലുകളില്‍ വീടുകള്‍ പണിത്, റോഡുകള്‍ ഉയര്‍ത്തി, ബണ്ടുകള്‍ ഉണ്ടാക്കി, വെള്ളം പമ്പ് ചെയ്തു കളഞ്ഞ് പ്രതിസന്ധി നേരിടാന്‍ ശ്രമിക്കുമെന്നും എന്നാല്‍ പ്രകൃതിയുമായുള്ള ഈ യുദ്ധം ചെറുത്ത് നില്‍ക്കാന്‍ മനുഷ്യന്റെ ചെറിയ പ്രയത്നം മതിയാവില്ലെന്നും തിമ്മാരക്കുടി സൂചന നല്‍കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”നമ്മുടെ തീരപ്രദേശങ്ങളുടേയും തീരദേശ നഗരങ്ങളുടേയും സ്ഥലവിനിയോഗ പ്ലാനുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ പുനര്‍ ചിന്തിച്ചേ മതിയാകു. ഇതിന് വലിയ സ്വകാര്യ നഷ്ടങ്ങളുണ്ടാകും, സര്‍ക്കാരിന് പോലും ഇതത്ര എളുപ്പമാകില്ല. പക്ഷെ വേറൊരു പ്രതിവിധിയില്ലാത്തതിനാല്‍ എത്ര വേഗത്തില്‍ നമ്മള്‍ ഈ തീരുമാനത്തില്‍ എത്തുന്നുവോ അത്രയും നല്ലത്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അത്യാവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യേണ്ടി വരും. അതിനോടൊപ്പം തന്നെ മാറുന്ന കാലാവസ്ഥയില്‍ നഗരത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആളുകളെ മനസ്സിലാക്കണം. അതിനനുസരിച്ചു കൈക്കൊള്ളേണ്ട നടപടികള്‍ ചിന്തിച്ച് ഇപ്പഴേ സമയവും പണവും മാറ്റിവെച്ചു തുടങ്ങണം. 2050 അങ്ങ് ദൂരെയാണെന്ന് തോന്നാം. നമ്മള്‍ 2020 ന്റെ പടിവാതിലില്‍ എത്തിക്കഴിഞ്ഞു. ഇവിടെ നിന്നും 2050 ലേക്കുള്ള ദൂരം 1990 ല്‍ നിന്നും 2020 ലേക്കുള്ള അതേ ദൂരമാണ് എന്നോര്‍ക്കുക. 1990 ലെ കാര്യങ്ങള്‍ നമ്മള്‍ വളരെ കൃത്യമായി ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. അത്രയും സമയത്തിനകം 2050 ഉം നമ്മുടെ മുന്നിലെത്തും” -അദ്ദേഹം പറയുന്നു.
‘ക്ലൈമറ്റ് സെന്‍ട്രല്‍’ നല്‍കുന്നത് കൃത്യമായും ശ്രദ്ധപതിപ്പിക്കേണ്ട കാര്യമാണ്.
നാളെ വെളളത്തിനടിയില്‍പ്പെട്ട് മുങ്ങിപ്പോകാന്‍ പോകുന്നത് മധ്യകേരളത്തിലെ ഭാഗങ്ങള്‍ മാത്രമല്ല. മുംബൈ മഹാനഗരവും പെടും. 2050 ലേക്ക് ഏറെ ദൂരമോ സമയമോ ഇല്ല എന്നത് ഒരു വസ്തുതയാണ്.