തിരുവനന്തപുരം: മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ തലസ്ഥാന നഗരിയായ ദൽഹിയേക്കാൾ മുന്നിൽ കേരളത്തിലെ വിവിധ നഗരങ്ങൾ. ഇന്ത്യയിലെ വൻകിട നഗരങ്ങളായ ദൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളെക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോട്ടയം നഗരങ്ങളാണെന്ന് റിപ്പോർട്ട്.
ലോകത്തിലെ മികച്ച ജീവിതനിലവാരമുള്ള നഗരങ്ങൾ കണ്ടെത്താനായി 1000 നഗരങ്ങളെ ഉൾപ്പെടുത്തി ഓക്സ്ഫോർഡ്
ഇക്കണോമിക്‌സ് തയാറാക്കിയ സൂചികയിലാണ് ഇത് പറയുന്നത്.
സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം തുടങ്ങിയ അഞ്ച് മേഖലകളിൽ പഠനം നടത്തിയാണ് ഓക്സ്ഫോർഡ് ഇക്കണോമിക്‌സ് മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളെ കണ്ടെത്തിയത്.
തലസ്ഥാന നഗരിയായ ദൽഹിയും സാമ്പത്തിക തലസ്ഥാനമായ മുബൈയും രാജ്യത്തിന്റെ ഐ.ടി ആസ്ഥാനമായ ബെംഗളൂരുവും കേരളത്തിലെ നഗരങ്ങളായ തിരുവനന്തപുരത്തിനും തൃശൂരിനും കോട്ടയത്തിനും കൊച്ചിക്കും പിന്നിലാണ്.
നഗരത്തിലെ ആരോഗ്യ സുസ്ഥിതി, ജീവിത സൗകര്യങ്ങളുടെ ലഭ്യത, കുടിയേറിപ്പാർക്കാനുള്ള ആകർഷത്വം, താമസച്ചെലവ്, വിനോദ സാംസ്കാരിക അവസരങ്ങൾ, ഇന്റർനെറ്റ് സ്പീഡ് തുടങ്ങിയവ നോക്കി നിർമിച്ച ഓക്സ്ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സൈറ്റിസ് ഇൻഡക്സിൽ 748 ആണ് തിരുവനന്തപുരത്തിന്റെ റാങ്ക്.
753 ആണ് കോട്ടയത്തിന്റെ റാങ്ക്. തൃശൂരിന് 757 , കൊച്ചിക്ക് 765 എന്നീ ക്രമത്തിലാണ് റാങ്കുകൾ ലഭിച്ചിരിക്കുന്നത്. എന്നാൽ തലസ്ഥാന നഗരിയായ ദൽഹിക്ക് 838 ആണ് റാങ്ക്. ഹൈദരബാദിന് 882 ഉം ബെംഗളുരുവിന് 847 ഉം മുംബൈക്ക് 915 ഉം ആണ് റാങ്കുകൾ കിട്ടിയിരിക്കുന്നത്.
മൊത്തം റാങ്കുകളിൽ ദൽഹിയുടെ ആഗോളസ്ഥാനം 350 ആണ്. ബെംഗളുരുവിന്റേത് 411 ഉം മുംബൈക്ക് 427 ഉം കൊച്ചിക്ക് 521 ഉം തൃശൂരിന് 550 ഉം ആണ്. മറ്റ് കേരളം നഗരങ്ങളുടെ ആഗോളസ്ഥാനം 600 ന് താഴെയാണ്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ന്യൂയോർക്ക് ആണ്.
Content Highlight: Kerala cities are better place to live than big cities like Delhi, Mumbai