ഇടത് വലത് മാറി ഒടുവില്‍ സംഘ് വഴിയിലെത്തിയ കത്തോലിക്ക സഭ ലക്ഷ്യമിടുന്നത്
Discourse
ഇടത് വലത് മാറി ഒടുവില്‍ സംഘ് വഴിയിലെത്തിയ കത്തോലിക്ക സഭ ലക്ഷ്യമിടുന്നത്
അനീഷ് മാത്യു
Sunday, 6th September 2020, 1:31 pm

തൊണ്ണൂറുകളില്‍ ഞാന്‍ വേദപാഠം പഠിച്ചിരുന്നപ്പോള്‍ കേട്ടിരുന്നത് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കരുത് എന്നാണ് – എന്തെങ്കിലും തെറ്റുപറ്റിയാല്‍ അത് ക്ഷമിക്കാന്‍ പിതാവായ, പുത്രനായ ദൈവത്തിനു പറ്റില്ല എന്നാണ് വിശ്വാസം. പിന്നീട് ഫാദര്‍ നായ്ക്കംപറമ്പിലിന്റെയും ഫാദര്‍ പനക്കിലിന്റെയും നേതൃത്വത്തില്‍ തൃശൂരിലെ മുരിങ്ങൂരും പോട്ടയിലും ധ്യനകേന്ദ്രങ്ങള്‍ ആരംഭിച്ചു പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന തുടങ്ങിയതിന് കാരണം പൊന്തോകോസ്റ്റ് സഭകളിലേക്ക് കത്തോലിക്കര്‍ വ്യാപകമായി ആകര്‍ഷിക്കപെട്ടത് തടയാന്‍ ആയിരുന്നു.

വളരെ ഫ്ളാറ്റ് ആയ ഒരു ഹൈറാര്‍ക്കികല്‍ അധികാര ഘടന ആണ് കത്തോലിക്കാ സഭയിലേത്. പോപ്പും ബിഷപ്പുമാരും മാത്രമാണ് സമ്പത്തും അധികാരങ്ങളും നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ധ്യാനകേന്ദ്രങ്ങള്‍ സ്വാതന്ത്രമാണെന്ന് തോന്നുമെങ്കിലും ആ സ്ഥാപനങ്ങളുടെ മേല്‍ എല്ലാ കാര്യത്തിലും കൃത്യമായ നിയന്ത്രണം ഉണ്ട്.

പോട്ട ധ്യാനകേന്ദ്രം

തൊണ്ണൂറുകളില്‍ തുടങ്ങിയ മുരിങ്ങൂര്‍, പോട്ട ധ്യാനകേന്ദ്രങ്ങള്‍ ഒരു പരിധി കഴിഞ്ഞു വളര്‍ന്നപ്പോള്‍ അവരുടെ നേതൃത്വത്തില്‍ ഉള്ള പനക്കല്‍ അച്ഛനും നായ്ക്കംപറമ്പില്‍ അച്ഛനും ചെറിയ തോന്നല്‍ ഉണ്ടായി ഞങ്ങള്‍ സഭയേക്കാളും വലുത് ആണ് എന്ന്. അതോടെ അവയുടെ പതനവും ആരംഭിച്ചു. കൃത്യമായി എല്ലാ വര്‍ഷവും ധ്യാനം നിര്‍ബന്ധിച്ചിരുന്ന ഇടയലേഖനങ്ങള്‍ നിലച്ചു. പോട്ടയുടെയും മുരിങ്ങൂരിന്റെയും പ്രതാപം അവസാനിച്ചു.

അങ്ങനെ രണ്ടായിരത്തിന്റെ പകുതിയില്‍ ആണ് സേവ്യര്‍ ഖാന്‍ വട്ടായില്‍ എന്ന പുരോഹിതന്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ സെഹിയോന്‍ ധ്യാനകേന്ദ്രം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ധ്യാനകേന്ദ്രത്തില്‍ എല്ലാ ആഴ്ചയിലും പതിനായിരങ്ങള്‍ ആണ് അഭിഷേകാഗ്നി എന്ന ധ്യാനപരിപാടിയില്‍ പങ്കെടുക്കുന്നത്. ശാലോം ടി.വി വഴി ചെയ്യുന്ന ധ്യാനത്തിന് രണ്ടു കോടിയില്‍ അധികം വ്യൂവേഴ്സ് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്.

അറുപതു ലക്ഷം പേരെ കേരളത്തില്‍ ക്രിസ്ത്യാനികള്‍ ആയിട്ടുള്ളു. എന്നിട്ടും അദ്ദേഹത്തിന്റെ പരിപാടി മൊത്തം മലയാളികളുടെ പകുതിയില്‍ അധികം കാണുന്നു എന്ന ക്ലെയിം തെറ്റാണെങ്കിലും ഇന്ന് നിലവില്‍ ഉള്ള ഏറ്റവും പ്രശസ്തനായ ധ്യാനഗുരു ആണ് സേവ്യര്‍ ഖാന്‍ വട്ടായില്‍.

സേവ്യര്‍ ഖാന്‍ വട്ടായില്‍

കേരളത്തിലെ ഏറ്റവും പ്രമുഖമായ കത്തോലിക്കാ സഭയാണ് സീറോ മലബാര്‍ സഭ. തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ മുഴുവനായും എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഏതാണ്ട് വ്യക്തമായും രാഷ്ട്രീയം നിയന്ത്രിക്കാനുള്ള ശക്തി കത്തോലിക്കാ സഭ ഉപയോഗിച്ചിരുന്നത് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയാണ്. അത് തന്നെ പിരിയുന്നതും സഭയുടെ അനുഗ്രഹങ്ങളോടെ ആയിരുന്നു.

ഇടതുപക്ഷവും വലതുപക്ഷവും ഭരിക്കുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനുള്ള ഉപാധിയായി കേരള കോണ്‍ഗ്രസിനെ സഭ നിര്‍ത്തിയിരുന്നു. വ്യക്തികേന്ദ്രികൃത പാര്‍ട്ടികള്‍ ആയിരുന്നതിനാലും തട്ടകങ്ങള്‍ വേറെ വേറെ ആയിരുന്നതിനാല്‍ പി.ജെ ജോസഫിനും കെ.എം മാണിക്കും വലിയ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, ഒരു പരിധിവരെ നല്ലതും ആയിരുന്നു. രണ്ടാം നിര നേതാക്കളെ വളര്‍ത്തേണ്ട പണിയില്ലല്ലോ – അങ്ങനെ തങ്ങള്‍ തന്നെ വളര്‍ത്തിയ അണികള്‍ പണിതരുന്ന അവസ്ഥ ഉണ്ടാകില്ലല്ലോ.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഈ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും ആയി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ബി.ജെ.പി- പി.സി തോമസ്, പി.സി ജോര്‍ജ് തുടങ്ങിയ ചില ചെറിയ പരീക്ഷണങ്ങള്‍ നടത്തി.

പി. ജെ ജോസഫ്

കഴിഞ്ഞ രണ്ടു വര്‍ഷമായി വേറെ ചില കാര്യങ്ങള്‍ കൂടി സംഭവിച്ചു. ഒരു വര്‍ഷം മുമ്പ് കെ.എം മാണി അന്തരിച്ചു. പി.ജെ ജോസഫിനാണെങ്കില്‍ നല്ല പ്രായവും ആയി. കോട്ടയം, ഇടുക്കി ജില്ലകളില്‍ പുതിയ നേതാക്കള്‍ ഇല്ല. കേരള കോണ്‍ഗ്രസുകള്‍ വ്യക്തികേന്ദ്രീക്രതം ആയിരുന്നതിനാല്‍ കഴിവുള്ളവരെ ഒരിക്കലും പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കു എത്തിച്ചിരുന്നില്ല. പി. ജെ ജോസഫ് ഗ്രൂപ്പ്, മാണിയില്‍ ലയിച്ചതോടെ ഇടതു ഗവണ്‍മെന്റില്‍ യാതൊരുവിധ അധികാരവും ഇല്ല. ജോസ് കെ. മാണിയ്ക്കാണെങ്കില്‍ പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ട് നടക്കാനുള്ള വ്യക്തിപ്രഭാവവും ഇല്ല.

ഇത് തിരിച്ചറിഞ്ഞിട്ടും കത്തോലിക്കാ സഭ പ്രവര്‍ത്തനം ആരംഭിച്ചത് ബി.ജെ.പി കേന്ദ്രികരിച്ചാണെന്നു തോന്നുന്നു. ജോര്‍ജ് കുര്യന്‍ എന്ന ദേശീയ ന്യുനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ പാലായില്‍ നിന്നുള്ള കത്തോലിക്കന്‍ ആണ്. ഗുജറാത്തിലെ ശിയാ സെക്ടായ ബോറ മുസ്ലീങ്ങളിലും ഗോവയിലും പരീക്ഷിച്ചു വിജയിച്ച തന്ത്രം തന്നെ ആണ് ഇവിടെയും പയറ്റുന്നതെന്ന് കാണാം.

കെ.എം മാണി

ബോറ മുസ്ലീങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന സമുദായം ആണ്. അവര്‍ എല്ലാ കാലത്തും, 2002 കലാപസമയത്ത് പോലും മോദിയുടെ അനുഭാവികള്‍ ആണ് – എന്താണ് കാരണം ഇസ്ലാമിലെ സെക്ടറിയന്‍ പ്രശ്നങ്ങള്‍ – ശത്രുവിന്റെ ശത്രു മിത്രം എന്ന ലോജിക്.

കേരളത്തിലെ പ്രബല വോട്ടുബാങ്കായ ഒരു 20 -25 മണ്ഡലങ്ങളിലെങ്കിലും വിജയം തീരുമാനിക്കാന്‍ കഴിയുന്ന കത്തോലിക്കാ സഭ നേതൃത്വത്തിനു ഇപ്പോള്‍ ബി.ജെ.പിയാണ് പുതിയ സുഹൃത്ത്. ക്രിസ്ത്യാനികള്‍ക്കിടയിലെ സവര്‍ണ്ണര്‍ എന്ന് സ്വയം കരുതുന്ന ഈ ജനതയുടെ നേതൃത്വം ഇസ്ലാമോഫോബിയ സമൂഹത്തില്‍ വളര്‍ത്തുന്നത്, ഈ ബി.ജെ.പി ബന്ധം വളര്‍ത്താന്‍ ഉപകാരപ്പെടും എന്നാണ് കരുതുന്നത് എന്ന് തോന്നുന്നു.

ഹയ സോഫിയ എന്ന മ്യൂസിയം തിരിച്ചു മുസ്ലിം മോസ്‌ക്ക് ആക്കി മാറ്റിയത് കേരളത്തിലെ കത്തോലിക്കരുടെ ഇടയില്‍ വലിയ ചര്‍ച്ച ആയിരുന്നു. ഒരിക്കല്‍ പോലും ഹയ സോഫിയ എന്ന പേര് കേട്ടിട്ടില്ലാത്ത കത്തോലിക്കര്‍ ആ വാര്‍ത്ത അറിഞ്ഞത് മുസ്ലീങ്ങള്‍ സഭയുടെ സ്വത്തുക്കള്‍ അവര്‍ക്കു സ്വാധീനം ഉള്ളയിടങ്ങളില്‍ പിടിച്ചെടുക്കുന്നു എന്ന രീതിയില്‍ ആണ്.

ഹയ സോഫിയ

അതായത് പല തവണ സ്റ്റാറ്റസ് മാറ്റപ്പെട്ട കത്തോലിക്കാ സഭയുടെ നേതൃത്വത്തെ വെല്ലുവിളിക്കാനായി ഓര്‍ത്തഡോക്സ് സഭ പണിത ഓര്‍ത്തഡോക്സ് സഭയുടെ പള്ളിയായി നിലനിന്നിരുന്ന പിന്നീട് അത്താ തുര്‍ക് (മുസ്തഫാ കമാല്‍ പാഷ) മ്യൂസിയം ആക്കി മാറ്റിയ ഒരു കെട്ടിടത്തെ മോസ്‌ക് ആയി മാറ്റിയത് കേരളത്തിലെ സഭ നേതൃത്വം കണ്ടത് കത്തോലിക്കരുടെ മനസിലേറ്റ മുറിവ് ആണെന്നാണ്. മതേതരത്വത്തിന് ഏറ്റ ഒരു വെല്ലുവിളി ആയോ അല്ലെങ്കില്‍ മൂന്നു ലക്ഷത്തോളം വരുന്ന തുര്‍ക്കിയിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ ഭയമോ അല്ല കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ സഭ നേതൃത്വം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പോലും ബാബരി മസ്ജിദ് പൊളിച്ചു മാറ്റി അവിടെ രാമക്ഷേത്രം പണിയുന്ന ബി.ജെ.പിയുടെ അനീതി പോലെയുള്ള ഒരു അനീതി ആണ് ഹയ സോഫിയ എന്ന മ്യൂസിയം തിരിച്ചു മുസ്ലിം മോസ്‌ക്ക് ആക്കി മാറ്റിയത് എന്നു സഭ നേതൃത്വം പറഞ്ഞില്ല. മതേതരത്വത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാണിക്കുന്നതിനു പകരം തിണ്ണമിടുക്കിന്റെ ഷോയെ ഭീതി പരത്താനും ഇരവാദം ആയി ഉപയോഗിക്കാനും ആണ് അവര്‍ ശ്രമിച്ചത്.

ശരിക്കുള്ള ഇരകളായ തുര്‍ക്കിയിലെ മൂന്നരലക്ഷം ക്രിസ്ത്യാനികള്‍ എല്ലാവരും ഓര്‍ത്തഡോക്സ് ആണ്- കത്തോലിക്കര്‍ അല്ല -എന്നതാണ് അതിലെ തമാശ.

സേവ്യര്‍ ഖാന്‍ വട്ടായിയുടെ ഈ ആഴ്ച വന്ന ധ്യാന പ്രസംഗവും ഇതിനോടൊപ്പം ചേര്‍ന്ന് കാണണം. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തി ക്ഷയിച്ചെന്നു പറഞ്ഞു ആരംഭിക്കുന്ന അദ്ദേഹം സാക്കിര്‍ നായിക് എന്ന ഇസ്ലാമിസ്റ്റിന്റെ പ്രസംഗങ്ങള്‍ ആണ് ആദ്യം ക്വാട്ട് ചെയ്യുന്നത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കെ തന്നെ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിക്കുന്നു.

സെഹിയോന്‍ ധ്യാനകേന്ദ്രം

മനുഷ്യരെ കൊല്ലാനും, നശിപ്പിക്കാനും ശ്രമിക്കുന്നവര്‍ കേരളത്തില്‍ പ്രബലപ്പെടാന്‍ തുടങ്ങി. ഇന്ന് അത് അതിവേഗം വളരുകയാണ്. രാഷ്ട്രീയപാര്‍ട്ടികളില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരിലും സാഹിത്യകാരന്മാര്‍ക്കിടയിലും ഇങ്ങനെ തീവ്ര സ്വഭാവമുള്ള ജിഹാദിസ്റ്റുകള്‍ ഉണ്ട്. ഇങ്ങനെ പോകുന്നു പ്രസംഗം. ഇത് സ്ഥാപിക്കാനായി സേവ്യര്‍ ഖാന്‍ ഉപയോഗിക്കുന്നത് ആര്‍.എസ്.എസ് ബുദ്ധിജീവി ആയ ടി.ജി മോഹന്‍ദാസിന്റെ ഒരു പ്രസംഗം ആണ്.

സേവ്യര്‍ ഖാന്‍ വട്ടായില്‍ എന്ന ധ്യാനഗുരു കെ.സി.ബി.സിയുടെ – കേരള കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയും അദ്ദേഹം നടത്തുന്ന സ്ഥാപനം സഭയുടെ വ്യക്തമായ കണ്‍ട്രോളില്‍ ഉള്ളതും ആണ്. അതായത് അദ്ദേഹത്തിന്റെ ഈ പ്രസംഗം ഒരു ആവേശത്തിന് വന്നതല്ല.

സേവ്യര്‍ ഖാന്‍ തന്റെ പ്രസംഗം ആരംഭിക്കുന്നത് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തി ക്ഷയിച്ചു എന്ന് പറഞ്ഞാണ്. അതായത് തങ്ങളുടെ അജണ്ട നടത്താനുള്ള തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പാര്‍ട്ടികളുടെ ശക്തി ക്ഷയിച്ചു. അതിനാല്‍ ഇനി മുതല്‍ ബി.ജെ.പി ആണ് തങ്ങളുടെ സഖ്യകക്ഷി. ബി.ജെ.പി ആകട്ടെ ഇങ്ങനെ ഒരു സഖ്യത്തിന് വേണ്ടി വര്‍ഷങ്ങള്‍ ആയി ശ്രമിക്കുകയും ആണ്. ഇനി അതിനുള്ള വഴിയൊരുക്കണം. ജനങ്ങളെ ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവര്‍ ആകണം

നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണമെങ്കില്‍, നടപ്പിലാക്കണമെങ്കില്‍ അതിനുള്ള ഏറ്റവും എളുപ്പവഴി ഇസ്ലാമോഫോബിയ വളര്‍ത്തുക എന്നതാണ്.

ഇസ്ലാമോഫോബിയ വളര്‍ത്തുന്ന സേവ്യര്‍ ഖാനും അദ്ദേഹത്തിന്റെ നേതാക്കളും മറക്കുന്നത് ഫാസിസ്റ്റുകള്‍ക്കു ശത്രുക്കള്‍ എന്നും വേണമെന്നാണ്. മുസ്ലീങ്ങള്‍ക്ക് ശേഷം അവര്‍ തേടി വരുക നിങ്ങളെ ആണ്. ഇപ്പോള്‍ തന്നെ ഉത്തരേന്ത്യയിലൊക്കെ ബി.ജെ.പിക്കാര്‍ ക്രിസ്ത്യാനികളെ വിളിക്കുന്നതു rice bag convert കള്‍ എന്നാണ്. കത്തോലിക്കര്‍ ഇത് തങ്ങളുടെ സഭ നേതൃത്വത്തെ അറിയിക്കുമെന്നും ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കുക എന്ന ആത്മഹത്യപരമായ നീക്കത്തിലേക്കു പോകില്ലെന്നും പ്രതീക്ഷിക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: kerala christian community moves towards sangh parivar and the intentions behind