| Sunday, 3rd May 2020, 1:49 pm

കേരളത്തില്‍ തുടരാന്‍ താത്പ്പര്യപ്പെടുന്ന അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് അയക്കരുത്; നിര്‍ദേശവുമായി ചീഫ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികളെ നിര്‍ബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നവരെ നിര്‍ബന്ധിച്ച് അയയ്ക്കരുതെന്നും പൊലീസ് ഉള്‍പെടെയുള്ള അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ടോം ജോസ് നിര്‍ദേശം നല്‍കി.

വെള്ളിയാഴ്ച മുതലാണ് അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കിയയച്ച് തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരത്തും കൊച്ചിയിലും നിര്‍മാണ മേഖലയില്‍ അടക്കം ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് സ്വദേശത്തേക്ക് കയറ്റി അയക്കുന്നതായി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശവുമായി ചീഫ് സെക്രട്ടറി രംഗത്തെത്തിയത്.

സ്വദേശത്തേക്ക് പോകാന്‍ നിര്‍ബന്ധം പിടിക്കുന്നവരെ മാത്രം അയച്ചാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് കേരളത്തില്‍ തുടരാന്‍ സാഹചര്യം ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

രണ്ടാഴ്ചത്തോടു കൂടി ലോക്ക് ഡൗണ്‍ അവസാനിക്കുകയാണെങ്കില്‍ കേരളത്തില്‍ നിര്‍മാണ മേഖല വീണ്ടും സജീവമാകും. ഇതോടെ തൊഴില്‍ മേഖലയില്‍ ആവശ്യത്തിന് ആളുകളെ ആവശ്യമായി വരികയും ചെയ്യും. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും കൊടുക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അവരെ നിര്‍ബന്ധിച്ച് അയക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

അതിഥിത്തൊഴിലാളികള്‍ക്കായി സംസ്ഥാനത്തുനിന്ന് ഇന്നും ട്രെയിന്‍ സര്‍വീസുണ്ടാകും. ബിഹാറിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് ഇന്ന് സര്‍വീസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more