തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. മഴ, കൊവിഡ് എന്നിവ കണക്കിലെടുത്ത് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്നാണ് സംസ്ഥാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.
കൊവിഡ് കാലത്ത് സാമൂഹ്യ അകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക ദുഷ്‌കരമാണെന്നും ഓഗസ്റ്റ് 21ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു.
സെപ്തംബര്‍ ആദ്യവാരമാണ് കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. എന്നാല്‍ അതിന് മുന്നേ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് കേരളം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുതലാണ്. തെരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിക്കേണ്ട മേഖലയിലുള്ളവരെല്ലാം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണെന്നും സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വരുമെന്നതിനാല്‍ പല ക്ഷേമ പദ്ധതികളും നിര്‍ത്തിവെക്കേണ്ടി വരുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ട് കേരളം കത്തയക്കുന്നതിന് മുമ്പ് തന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതേ നിലപാട് അറിയിച്ചിരുന്നു.
അതേസമയം ഉപതെരഞ്ഞെടുപ്പ് മാത്രമായി മാറ്റിവെക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്ന് യു.ഡി.എഫ് പറഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളും മാറ്റി വെക്കുകയാണെങ്കില്‍ മാത്രം ഈ നടപടിയെ അംഗീകരിക്കാമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക