തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതി സ്‌നേഹവും സംരക്ഷണവും ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന ചരിത്രത്തില്‍ആദ്യമായിട്ടാണ് കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട് മുഴുവന്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി നേരിട്ട് കത്തയക്കുന്നത്.
പ്രിയകൂട്ടുകാരേ എന്ന് സംബോധന ചെയ്തു തുടങ്ങുന്ന കത്തില്‍ കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ചേര്‍ന്ന് പ്രകൃതി അനുഗ്രഹിച്ച സുന്ദരമായ നമ്മുടെ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും എന്ന് ചോദിക്കുന്നു. അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളും മുഖ്യമന്ത്രി കത്തില്‍ വിവരിക്കുന്നു.
കൂടുതല്‍ പ്രണവായുവും ജലവും ലഭിക്കാന്‍ കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്രകൃതിക്കു ദോഷം ചെയ്യുന്ന തരത്തില്‍ കുപ്പികള്‍, കവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടിക്കിടന്നു പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കുക തുടങ്ങിയവയാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് അയച്ച കത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
വിഷം കലര്‍ന്ന പച്ചക്കറികളില്‍ നിന്നുള്ള മോചനത്തിനായി പരമാവധി ജൈവ വളം ഉപയോഗിച്ച് നമുക്ക് വേണ്ട പച്ചക്കറികള്‍ നാം തന്നെ വിളയിക്കുക. പച്ചക്കറികള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അങ്ങനെ ഒഴിവാക്കാനാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിനു മുന്‍കൈയെടുത്തു നാളത്തെ തലമുറയ്ക്ക് വേണ്ടി ജലാശയങ്ങളെ പരിപാലിക്കുക. ഒരു തുള്ളി ജലം പോലും പാഴാക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി കുട്ടികളോട് കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു.
നല്ല ശീലങ്ങളിലൂടെ നല്ല പൗരരായി വളര്‍ന്നു നാടിനു വെളിച്ചവും മാതൃകയും ആകണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിക്കുന്നു. പുതിയൊരു കേരളം സൃഷ്ടിക്കാന്‍ കുട്ടികളെ ക്ഷണിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന കത്തില്‍ പേരും സ്‌കൂള്‍ വിലാസവും സഹിതം അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രി കുട്ടികള്‍ക്ക് അയച്ച കത്ത്: