'അപ്രഖ്യാപിത അടിയന്തിരാവസ്ഥ'; രാഹുലിന്റെ അയോഗ്യതയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala News
'അപ്രഖ്യാപിത അടിയന്തിരാവസ്ഥ'; രാഹുലിന്റെ അയോഗ്യതയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 6:32 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഉറച്ച, കഴിയാവുന്നത്ര ഉച്ചത്തിലുള്ള പ്രതിഷേധം ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ധൃതി പിടിച്ച് റദ്ദാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നാണെന്നായിരുന്നു വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. രാജ്യത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി വിഷയത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിരണങ്ങള്‍.


പിണറായി വിജയന്‍

ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നല്‍കിയതും കോടതി വിധി മുന്‍നിര്‍ത്തി ലോക്‌സഭാംഗത്വത്തിനു അയോഗ്യത കല്‍പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷയാണുള്ളത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നത്?

ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം.പിമാരെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ദല്‍ഹിയില്‍ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ല.
വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ടുവരണം.

മുഹമ്മദ് റിയാസ്

അപ്രഖ്യാപിത അടിയന്തിരാവസ്ഥ!
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാന്‍ കഴിയൂ.
രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന സംഘപരിവാര്‍ ശൈലിയാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാര്‍ ഭരണത്തിനുകീഴില്‍ ഇതോടെ ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്.
ഈ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്.

എം.ബി. രാജേഷ്

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ധൃതി പിടിച്ച് റദ്ദാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഈ നടപടിയില്‍ കേവലമായ ജനാധിപത്യ വിരുദ്ധത മാത്രമല്ല നമുക്ക് കാണാനാവുക. ഈ നടപടിയില്‍ ഫാസിസ്റ്റ് കാലൊച്ച കേള്‍ക്കാന്‍ കഴിയും. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് അകപ്പെട്ട് കഴിഞ്ഞിട്ടുള്ള അഗാധമായ പ്രതിസന്ധി യുടെയും നേരിടുന്ന വെല്ലുവിളിയുടെയും സൂചന രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ കാണാം. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരായിട്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നടപടികളെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഒരു വാക്കിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നടപടിയിലേക്ക് കാര്യങ്ങളെത്തിയിട്ടുള്ളത്. പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ എല്ലാ വിമര്‍ശനങ്ങളെയും എങ്ങനെയും നിശബ്ദമാക്കുക എന്ന മനോഭാവമാണ് നമുക്ക് കാണാനാവുക. ജനാധിപത്യത്തെ അര്‍ഥശൂന്യമാക്കുന്ന അസഹിഷ്ണുതയുടെ പരകോടിയാണിത്.

ഒരു അവസരം കിട്ടാന്‍ കാത്തുനിന്നതു പോലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഈ നടപടി സൃഷ്ടിക്കുന്ന ആപത്തിന്റെ ഗൗരവം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നവര്‍ക്കും അദ്ദേഹത്തെ അയോഗ്യനാക്കിയ ഈ നടപടിയുടെ പിന്നില്‍ പതിയിരിക്കുന്ന ഫാസിസ്റ്റ് മനോഭാവത്തെ തരിമ്പും അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ വെല്ലുവിളികളിലൂടെ കടന്നുപോവുകയാണ്. ഇതിനെ പ്രതിരോധിച്ചില്ലെങ്കില്‍, ജനാധിപത്യവും അത് ഉറപ്പുനല്‍കുന്ന അവകാശങ്ങളുമൊന്നും ഇവിടെ അവശേഷിക്കുകയില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഉറച്ച, കഴിയാവുന്നത്ര ഉച്ചത്തിലുള്ള പ്രതിഷേധം ഉയര്‍ന്നുവരണം

Content Highlights: Kerala Chief Minister Pinarayi Vijayan and his ministers criticized the disqualification of Rahul Gandhi from the post of MP