| Tuesday, 5th March 2019, 6:35 pm

വേനലില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകരുത്; ജല സ്രോതസുകള്‍ മലിനമാക്കിയാല്‍ നിയമ നടപടി; കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍മാര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ജലവിതരണം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ജലവിതരണത്തിന് കളക്ടര്‍മാര്‍ കലണ്ടര്‍ തയ്യാറാക്കണം.


ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേന രൂപീകരിക്കാനും നിര്‍ദേശമുണ്ട്. ജല സ്രോതസുകള്‍ മലിനമാക്കിയാല്‍ നിയമ നടപടി സ്വീകരിക്കണമെന്നും ക്വാറികളിലെ ജലം വിതരണത്തിന് ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കടുത്ത ചൂടില്‍ കോളറ, ഡെങ്കി, ചിക്കന്‍പോക്‌സ് എന്നിവ പടരാനുള്ള സാഹചര്യമുണ്ട് എന്ന കാര്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം.


ജ്യൂസ് പാര്‍ലറുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. വന്യജീവികള്‍ നാട്ടിലേക്കിറങ്ങാനുള്ള സാഹചര്യമുള്ളതിനാല്‍ വനം വകുപ്പിനോട് ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more