| Tuesday, 15th September 2020, 4:42 pm

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരുടെ ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.

ബെന്നി ബഹ്നാന്‍, കെ സുധാകരന്‍, എന്‍.കെ പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവരാണ് ചോദ്യമുന്നയിച്ചത്.

സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം ഏത് ഘട്ടത്തില്‍ എത്തി എന്നും കേസിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ ആദ്യ ചോദ്യത്തിന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരം നല്‍കിയത്.

കേസിന്റെ വിശദാംശങ്ങള്‍, രജിസ്റ്റര്‍ ചെയ്ത തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാത്രമാണ് മറുപടിയായി നല്‍കിയത്. രണ്ട് ചോദ്യങ്ങള്‍ക്കുമായി ഒറ്റ ഉത്തരമാണ് നല്‍കിയത്.

അതേസമയം മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെ.ടി ജലീലിന് എന്‍ഫോഴ്സ്മെന്റ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്സ്മെന്റ് മേധാവി അറിയിച്ചതായി മനോരമ ന്യൂസും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ജലീലിന് എന്‍ഫോഴ്സ്മെന്റ് ക്ലീന്‍ചിറ്റ് നല്‍കിയതായി ന്യൂസ് 18 ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജലീലിന്റെ മൊഴികളില്‍ ചില വൈരുദ്ധ്യം ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയര്രേക്ടറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് എന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമാണ് ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത്. ജലീലിന്റെ മൊഴി ദല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ദല്‍ഹിയിലേക്ക് കൈമാറിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more