| Wednesday, 24th April 2019, 12:14 pm

'മാറി നില്‍ക്ക് അങ്ങോട്ട്'; പോളിങ് ശതമാനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന പോളിങ്ങിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്.

അഭിപ്രായം പറയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നു മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴായിരുന്നു മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്ങിനെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചത്. ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി. 30 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങാണിത്. എട്ടു മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 80 കടന്നു.

കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, കുറവ് തിരുവനന്തപുരത്തും. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിങ്. പലയിടത്തും രാത്രി വൈകിയാണ് പോളിങ് അവസാനിച്ചത്.

ഇതിന് മുന്‍പും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചിരുന്നു. സി.പി.ഐ.എം-ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്കിടെ പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ എന്ന പരാമര്‍ശം വലിയ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more