തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പമായിരിക്കും യോഗം ചേരുന്നത്.
ഇതിനോടൊപ്പം തന്നെ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മത-സാമുദായിക നേതാക്കള്‍ ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത-സാമുദായിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഉത്സവങ്ങളും പള്ളികളിലെ ചടങ്ങുകളും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോ കോണ്‍ഫറന്‍സിംഗിന് ശേഷം കെ.സി.ബി.സി സര്‍ക്കാര്‍ നടപടികളോട് സഹകരിക്കുമെന്നറിയിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോട് പട്ടാളം പള്ളിയിലെ വെള്ളിയാഴ്ച നമസ്‌കാരം ഉള്‍പ്പടെയുള്ളവ ഒഴിവാക്കിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ചയും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ 25603 പേര്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ 25366 പേരും വീടുകളിലാണ് കഴിയുന്നത്. 237 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 57 പേരെ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
പുതുതായി ഇന്ന് 7861 പേരാണ് നിരീക്ഷണത്തിലുള്ളത്. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 2550 പേരുടെ സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. ഇതില്‍ 2140 സാംപിളുകളും നെഗറ്റീവാണ്.
കൊവിഡ് 19 പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും തൃപ്തി രേഖപ്പെടുത്തിയത് പ്രതിരോധപ്രവര്‍ത്തനത്തിന് കരുത്താകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.