തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം. നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്.
ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പ്രോട്ടോക്കോള്‍ പറയുന്നു. ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം പരിശോധന നടത്തും.
ടെസ്റ്റ് ചെയ്യാതെ ഡിസ്ചാര്‍ജ് ആയവര്‍ മൊത്തം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കിടക്കകള്‍ നിറയാതിരിക്കാന്‍ വേണ്ടിയുള്ള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,95,123 ആയി. അതേസമയം 2,19,272 പേര്‍ കൊവിഡ് മുക്തരായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക