തിരുവനന്തപുരം: 27ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൂടുതലുണ്ടെന്നും ഇത്തവണത്തെ ഐ.എഫ്.എഫ്.കെയുടെ പ്രത്യേകത സൈലന്റ് മൂവിസാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു.
മേളക്കായി ഫോക്കസ് ചെയ്യുന്നത് സ്റ്റുഡന്‍സിനെയാണെന്നും അല്ലാതെ ഡെലിഗേറ്റ് പാസ് വാങ്ങി വെറുതെ നടക്കുന്നവരെയല്ലെന്നും രഞ്ജിത്ത് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
”ഏറ്റവും നല്ല സിനിമകള്‍ കൊണ്ടുവരുക അത് പ്രദര്‍ശിപ്പിക്കുക എന്നതാണ് അക്കാദമി ആദ്യം ചെയ്യേണ്ടത്. അത് അക്കാദമി ചെയ്തിട്ടുണ്ട്. പിന്നെ വേണ്ടത് ഓഡിയന്‍സിന്റെ പങ്കാളിത്തമാണ്. ഇത്തവണ ഡെലിഗേറ്റ്‌സിന്റെ പങ്കാളിത്തം റെക്കോഡാണ്.
വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഒരുപാട് ഉണ്ട്. സിനിമകള്‍ കാണുക അവര്‍ അഭിപ്രായം പറയുക. ഫെസ്റ്റിവല്‍ കഴിയുന്ന ദിവസമുള്ള അവരുടെ കമന്റാണ് ഏറ്റവും വലുത്. ഞങ്ങളെ നിരാശപ്പെടുത്തിയില്ലെന്നും നല്ല സിനിമകള്‍ ഉണ്ടായിരുന്നുവെന്നും പറയുന്ന ദിവസത്തിനാണ് കാത്തിരിക്കുന്നത്.
ഇത്തവണത്തെ പ്രത്യേകത സൈലന്റ് മൂവിസാണ്. ലണ്ടനില്‍ നിന്നും വരുന്ന ജോണി ബസ്റ്റ് എന്ന് പറയുന്ന ഒരു പിയാനിസ്റ്റ് ലൈവായി മ്യൂസിക് ചെയ്യുന്നുണ്ട്. ഇതെല്ലാം നന്നായി നടക്കുക എന്നതാണ് എന്റെ എക്‌സൈറ്റ്‌മെന്റ്. ഞങ്ങളുടെ ഏറ്റവും വലിയ ഫോക്കസ് സ്റ്റുഡന്റ്‌സാണ്. അല്ലാതെ ഡെലിഗേറ്റ് പാസ് വാങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവരല്ല,” രഞ്ജിത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കില്‍ ദീപങ്ങള്‍ തെളിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. യാത്രാനിയന്ത്രണങ്ങള്‍ കാരണം മഹ്നാസ് മുഹമ്മദിക്ക് മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്തത്തിനാല്‍ മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചല്‍ സംഗാരി പുരസ്‌കാരം ഏറ്റുവാങ്ങി.
തന്റെ സഹനത്തിന്റെ പ്രതീകമായി മുടിത്തുമ്പ് അഥീനയുടെ കൈവശം മഹ്നാസ് കൊടുത്തയച്ചു. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം അവര്‍ വേദിയില്‍ വെച്ച് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. നിറഞ്ഞ കൈയടിയോടെയാണ് സദസ് ഇതിനോട് പ്രതികരിച്ചത്.
CONTENT HIGHLIGHT: kerala chalachithra accademy chairman ranjith about iffk