| Sunday, 24th May 2020, 7:52 am

ഇന്ന് ചെറിയ പെരുന്നാൾ; ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിൽ പതിവ് ആഘോഷങ്ങൾ ഇല്ലാതെ ഇന്ന് ചെറിയ പെരുന്നാൾ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പള്ളികളിലും ഈദ്​ഗാഹുകളിലും നിസ്കാരങ്ങൾ ഒഴിവാക്കിയതിനാൽ പ്രാർത്ഥനകൾ വീടുകളിലായിരിക്കും.

ലോകം മഹാരോ​ഗത്തിന്റെ ഭീതിയിൽ കഴിയുമ്പോൾ പെരുന്നാൾ ആഘോഷം ആശ്വസിപ്പിക്കലിന്റേയും പ്രാർത്ഥനയുടെയും സുദിനമായിരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. നാം എല്ലാവരും ഒന്നാണെന്ന പ്രഖ്യാപനം കൂടിയാണ് ഈദുൽഫിത്തറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച്ച് ഏർപ്പെടുത്തിവന്നിരുന്ന സമ്പൂർണ്ണ അടച്ചിടലിൽ ഇളവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബേക്കറി, ടെക്സ്റ്റൈൽസ്, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ ചെരിപ്പുകടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതൽ പതിനൊന്നു വരെ അനുവദിക്കും. മാസ്ക് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിക്കണമെന്ന് കർശനമായ നിർദേശമുണ്ട്.

ലോകമെമ്പാടുമുള്ള കേരളീയർക്ക് മുഖ്യമന്ത്രി ഈദുൽ ഫിത്തർ ആശംസകൾ നേർന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ചെറിയ പെരുന്നാൾ ആശംസകൾ നേർന്നത്.

“കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.
പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.
സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍”. മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more