കേരളത്തില്‍ നിന്ന് കയറ്റി അയച്ച കശുവണ്ടി തിരുപ്പതി ദേവസ്വം ബോര്‍ഡ് തിരിച്ചയച്ചോ; വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ ചേര്‍ക്കുന്നതിന് കേരളത്തില്‍ നിന്ന് കയറ്റി അയച്ച കശുവണ്ടി മുഴുവനായി തിരിച്ചയച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ അങ്ങനെയാണോ കാര്യങ്ങള്‍?

കശുവണ്ടി തിരിച്ചയച്ചു എന്ന് പറഞ്ഞതില്‍ പാതി ശരിയും പാതി തെറ്റുമാണ്. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ സഹകരണ സംഘമായ കാപ്പെക്സ് കയറ്റി അയച്ച അഞ്ച് ടണ്‍ കശുവണ്ടിയാണ് തിരിച്ചയച്ചത്. ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചത്. എന്നാല്‍ ഇത് മാത്രമാണോ ശരി?. അല്ല.

കേരള കാഷ്യൂ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തിരുപ്പതി ദേവസ്വത്തിലേക്ക് അയച്ച കശുവണ്ടി സ്വീകരിച്ചു. കോര്‍പ്പറേഷന്‍ അയച്ച കശുവണ്ടിയുടെ ഗുണനിലവാരത്തില്‍ തൃപ്തരായ ദേവസ്വം 100 ടണ്‍ കശുവണ്ടി തുടര്‍ന്നും വാങ്ങാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി 10 ടണ്‍ കശുവണ്ടി അടുത്തയാഴ്ച അയക്കും. ഒരു കിലോയ്ക്ക് 669 രൂപയാണ് ദേവസ്വത്തില്‍ നിന്ന് ഈടാക്കുന്നത്.

തിരുപ്പതി ദേവസ്വത്തില്‍ നിന്ന് കോര്‍പ്പറേഷന് ലഭിച്ച ഓര്‍ഡര്‍ കശുവണ്ടി മേഖലയക്ക് വലിയ ഉണര്‍വ്വുണ്ടാക്കിയേക്കും.

തൊഴിലാളികളുടെ സഹകരണ സംഘമായ കാപ്പെക്‌സിനെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമമായാണ് ഈ കരാര്‍ നേടിയെടുത്തത്. എന്നാല്‍ ആദ്യ ലോഡ് തിരികെ അയച്ചത് തിരിച്ചടിയായി. കാപ്പെക്സ് ഗുണനിലവാരം ഉറപ്പുവരുത്തി വീണ്ടും കശുവണ്ടി അയക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍.