തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിക്കുന്ന ജന്മഭൂമി കാര്‍ട്ടൂണിനെ അപലപിച്ച് കാര്‍ട്ടൂണിസ്റ്റുകളുടെ സംഘടനയായ കേരള കാര്‍ട്ടൂണ്‍ അക്കാദമി. കാര്‍ട്ടൂണിലൂടെയുള്ള വിമര്‍ശനം ആക്ഷേപ ഹാസ്യമാണെങ്കിലും ആരോഗ്യപരമായ ഒന്നായിരിക്കണമെന്ന് കാര്‍ട്ടൂണിസ്റ്റുകളെ ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കുന്നുവെന്നും സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍.
ദൃക്സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ “വനിതാ മതില്‍; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്” എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണിലാണ് വിവാദപരാമര്‍ശമുള്ളത്. “തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം” എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആര്‍.എസ്.എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടതെന്നും ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.
പത്രക്കുറിപ്പ്
കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ഒരു കാര്‍ട്ടൂണ്‍ ശനിയാഴ്ച ഒരു മലയാള ദിനപ്പത്രത്തില്‍ പ്രസിദ്ധികരിച്ചത് നിര്‍ഭാഗ്യകരമായെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വ്യക്തമാക്കി. കാര്‍ട്ടൂണിലൂടെയുള്ള വിമര്‍ശനം ആക്ഷേപ ഹാസ്യമാണെങ്കിലും ആരോഗ്യപരമായ ഒന്നായിരിക്കണമെന്ന് കാര്‍ട്ടൂണിസ്റ്റുകളെ ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം.ഇത്തരത്തിലുള്ള പ്രവണതകളെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ശക്തമായി അപലപിക്കുന്നു