| Saturday, 9th May 2020, 7:47 am

മദ്യശാലകൾ തുറക്കാം; ഉചിതം ഓൺലൈൻ ബുക്കിങ്ങിലൂടെയുള്ള വിതരണമെന്ന് മുഖ്യമന്ത്രിയോട് ലോക്നാഥ് ബെ​ഹ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ സർക്കാരിന് റിപ്പോർട്ട് നൽകി. തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തുന്നതാകും ഉചിതമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ നല്ല തിരക്കിന് സാധ്യതയുണ്ടെന്നും ബെഹ്റ മുഖ്യമന്ത്രിയോട് പറഞ്ഞു.

മദ്യശാലകൾ തുറന്ന സംസ്ഥാനങ്ങളിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് മുഖ്യമന്ത്രി നിർദേശം തേടിയത്. ഓരാേ മണിക്കൂറിലും ഓൺലൈൻ ബുക്കിങ്ങ് നടത്തണമെന്നും അതിനായി പ്രത്യേക സംവിധാനം തയ്യാറാക്കണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. ബുക്കിങ്ങിന്റെ കൂപ്പണുമായി ആവശ്യക്കാർ മദ്യശാലകളിൽ എത്താനാണ് നിർദേശം. തുടർനടപടികൾക്കായി സർക്കാർ ബെവ്കോ എം.ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി എത്തിക്കുന്ന കാര്യം പരി​ഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. പ്രത്യേക ഉത്തരവുകളൊന്നും ഇറക്കുന്നില്ല. പക്ഷേ സർക്കാരുകൾ ഈ വിഷയം പരി​ഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

നിലവിൽ മദ്യശാലകൾ തുറന്ന തമിഴ്നാട്, മഹാരാഷ്ട്ര, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മദ്യത്തിന്റെ ടാക്സിൽ 70 ശതമാനം വർധനയാണ് ദൽഹി സർക്കാർ ഏർപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more