ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങളുടെ പരീക്ഷണം മരവിപ്പിച്ചു
India
ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങളുടെ പരീക്ഷണം മരവിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2013, 9:25 am

[]ന്യൂദല്‍ഹി: ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങളുടെ പരീക്ഷണം മരവിപ്പിച്ചു. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് തീരുമാനം.

കേരളത്തില്‍ പരീക്ഷണത്തിന് വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. []

കേന്ദ്ര സര്‍ക്കാറിന്റെ അനുമതി യോടെയായിരുന്നു കേരളത്തില്‍ ജനിതക മാറ്റം (ജി.എം.) വരുത്തിയ നെല്ലിനങ്ങള്‍ പരീക്ഷിക്കാനൊരുങ്ങിയത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജി.എം. വിത്തുകള്‍ പരീക്ഷിക്കാന്‍ ഏതാനും കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് കേരളത്തിനും അനുമതി ലഭിച്ചത്.

കേരളത്തിനു പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ജി.എം വിത്തുകളുടെ പരീക്ഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.

ജനിതക മാറ്റം വരുത്തിയ നെല്ല്, പരുത്തി, ആവണക്ക്, ചോളം എന്നിവയുടെ പരീക്ഷണത്തിന് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ജെനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി) യാണ് അനുമതി നല്‍കിയത്.

സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെ ജനിതക മാറ്റം വരുത്തിയ നെല്ലിനങ്ങള്‍ ബേയര്‍ ബയോ സയന്‍സ് എന്ന കമ്പനിയാണ് കേരളത്തില്‍ പരീക്ഷണം നടത്തുക.

ജി.എം വിളകള്‍ക്കെതിരെ കേരളമടക്കുള്ള സംസ്ഥാനങ്ങളില്‍ നിന്നും എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ലോകത്ത് 18 രാജ്യങ്ങളില്‍ മാത്രമാണ് ബി.ടി വിളകള്‍ കൃഷി ചെയ്യുന്നത്. ഉയര്‍ന്ന ഉല്‍പാദനക്ഷമത അവകാശപ്പെടുന്ന ജി.എം വിളകളെ യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം കൃഷിക്ക് ഉപയോഗിക്കുന്നില്ലെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

“മൊണ്‍സാന്റോ” അടക്കമുള്ള കമ്പനികളാണ് ജി.എം വിത്തുകളുടെ പരീക്ഷണത്തിനായി ഇന്ത്യയിലെത്തുന്നത്. ജി.എം കുത്തക ഭീമന്‍മാരായ മൊണ്‍സാന്റോയുടെ ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരെ (ജി.എം) 52 രാജ്യങ്ങളിലെ 436 നഗരങ്ങളില്‍ കഴിഞ്ഞ മാസം പ്രതിഷേധ റാലികള്‍ നടന്നിരുന്നു.