കേരളത്തിലെ ജാതീയതയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ മാസിക; ലേഖനം പിൻവലിച്ച് ദിലീപ് മേനോൻ
Kerala
കേരളത്തിലെ ജാതീയതയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ മാസിക; ലേഖനം പിൻവലിച്ച് ദിലീപ് മേനോൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 12:09 pm

തിരുവനന്തപുരം: ചരിത്രകാരൻ ദിലീപ് മേനോന്റെ കേരളത്തിലെ ജാതി വിവേചനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച് സംസ്ഥാന സർക്കാർ പ്രസിദ്ധീകരണമായ കേരള കോളിങ്. മാഗസിൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മലയാളി ചരിത്രകാരനും അക്കാദമിക പണ്ഡിതനുമായ ദിലീപ് മേനോൻ തന്റെ ലേഖനം അയച്ചത്.

ജാതി വിവേചനങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പരാമർശങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കേരള കോളിങ് തന്റെ ലേഖനം തിരിച്ചയക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘വിദേശ മലയാളി’ എന്ന വിഷയത്തിൽ മാസിക ലേഖനം ആവ്യശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 1500 വാക്കുകളുള്ള ലേഖനം താൻ തയാറാക്കുകയും അവർക്ക് അയക്കുകയും ചെയ്‌തെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ ചില പരാമർശങ്ങൾ കാരണം ലേഖനം പ്രസിദ്ധീകരിക്കാൻ സാധിക്കില്ലെന്ന് എഡിറ്റോറിയൽ വിഭാഗം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലേഖനത്തിലെ ജാതി അസമത്വങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം അനാവശ്യ വിവാദങ്ങൾക്കിടയാക്കുമെന്ന് എഡിറ്റോറിയൽ വിഭാഗം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അവ തിരുത്തി അയച്ചാൽ പ്രസിദ്ധീകരിക്കാമെന്നും അവർ പറഞ്ഞതായി ദിലീപ് മേനോൻ പറഞ്ഞു. എന്നാൽ താൻ ലേഖനം പിൻവലിക്കുകയാണെന്ന് ദിലീപ് മേനോൻ അറിയിച്ചു.

‘നോ കാസറ്റ് ഇൻ കേരള ‘ എന്ന ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് വിറ്റ് വാട്ടർ സ്റ്റാൻഡ് സർവകലാശാലയിലെ പ്രൊഫസർ ആണ് ദിലീപ് മേനോൻ.

 

(കേരള കോളിങിന്റെ പ്രതികരണത്തിനായി ഡൂൾ ന്യൂസ് ശ്രമിച്ചിരുന്നു പ്രതികരണം ലഭ്യമായിട്ടില്ല. ലഭ്യമാകുന്ന പക്ഷം പ്രസിദ്ധീകരിക്കുന്നതാണ്)

 

 

Content Highlight: Kerala calling refused to publish  Dilip Menon’s article