'ലോക്ക് ഡൗണ്‍ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷം'; കേരളത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭായോഗം
Kerala
'ലോക്ക് ഡൗണ്‍ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷം'; കേരളത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭായോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 08, 07:16 am
Wednesday, 8th April 2020, 12:46 pm

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം വന്നതിന് ശേഷം അന്തിമ തീരുമാനമാകാമെന്ന് മന്ത്രിസഭാ യോഗം.

അന്തിമ തീരുമാനം കേന്ദ്രം പറയട്ടെയെന്നും അതിന് ശേഷം സംസ്ഥാനം തീരുമാനം എടുക്കാമെന്നുമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഇതിനായി ഈ മാസം പതിമൂന്നിന് മന്ത്രിസഭാ യോഗം വീണ്ടും ഉണ്ടാകും.

ഏപ്രില്‍ പത്താം തിയതിയോടെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നതിനോടും സംസ്ഥാനത്തിന് യോജിപ്പില്ല. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യത്തിലാണ് സംസ്ഥാനവും ഊന്നല്‍ നല്‍കുന്നത്.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങള്‍ മെയ് 15 നിര്‍ത്തിവയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ.

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ അടച്ചിടണം എന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പൊതുസ്ഥലങ്ങള്‍ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ലോക്ക് ഡൗണ്‍ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അവശ്യസാധനങ്ങളൊന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടത്ര ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ