| Wednesday, 27th May 2020, 1:58 pm

കൊവിഡ്; സാഹചര്യം ഗുരുതരം; നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായ രീതിയിലേക്കു മാറിയതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ എത്താന്‍ തുടങ്ങിയതോടെയാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഇതിനൊപ്പം ലോക്ക് ഡൗണ്‍ ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതും ക്വാറിന്റൈന്‍ ലംഘനങ്ങള്‍ ഉണ്ടായതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.ഈ സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് സൂചന.

സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സമൂഹ വ്യാപനത്തിന്റെ വക്കില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

ഈ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളും കരുതലും കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണം. ചെറിയ തരത്തിലുള്ള ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ പോലും അനുവദിക്കുന്നതു രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ആഘോഷപരിപാടികളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആളുകള്‍ ലംഘിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.  വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചടങ്ങുകള്‍ക്ക് പല തവണയായി കൂടുതല്‍ ആളെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം ലഭിച്ച ആളുകളും പുറത്തിറങ്ങി നടക്കുന്നതായുള്ള പരാതിയും നിരവധിയാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കര്‍ശനമായ നടപടിയെടുക്കാന്‍ പൊലീസിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

കടകളിലും മറ്റും ആളുകള്‍ കൂട്ടത്തോടെ എത്തുകയും ഇരുചക്രവാഹനങ്ങളിലും ബസുകളിലും അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നതായുമുള്ള പരാതികള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more