|

വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്കാണ് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കുക. 1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്.

വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം സംബന്ധിച്ച് കേരള സര്‍ക്കാരിന് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

ആദ്യകാലത്ത് സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകനും പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയുമായിരുന്നു വര്‍ഗീസ്. വയനാട്ടുകാരനായ വര്‍ഗ്ഗീസിനെ വയനാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ വേണ്ടി നിയോഗിച്ചതായിരുന്നു. എന്നാല്‍ വയനാട്ടിലെ പ്രവര്‍ത്തന കാലത്ത് ജന്മിമാരും ആദിവാസികള്‍ക്ക് നേരെയുള്ള ജന്മിത്വ ചൂഷണങ്ങള്‍ കണ്ട് മടുത്ത വര്‍ഗീസ് നക്‌സലൈറ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുകയായിരുന്നു. തുടര്‍ന്ന് വയനാട്ടില്‍ നടന്ന നക്‌സലൈറ്റ് ആക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി. അടിയോരുടെ പെരുമന്‍ എന്നാണ് വര്‍ഗീസ് ആദിവാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

പോലീസ് പിടിയിലായ വര്‍ഗീസിനെ ഉന്നത പോലീസുകാരുടെ നിര്‍ബന്ധ പ്രകാരം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. വര്‍ഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ആദ്യം ഔദ്യോഗികവിശദീകരണം വന്നത്. എന്നാല്‍ വര്‍ഗീസ് കൊല്ലപ്പെട്ട് 18 വര്‍ഷങ്ങള്‍ക്കു ശേഷം രാമചന്ദ്രന്‍ നായര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഈ വെളിപ്പെടുത്തല്‍ മൂലം കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Kerala Cabinet decides to pay Rs 50 lakh compensation to Varghese’s family