പാസ്‌പോര്‍ട്ട് പരിഷ്‌കരണം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News
പാസ്‌പോര്‍ട്ട് പരിഷ്‌കരണം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2018, 8:55 pm

തിരുവനന്തപുരം: ഇന്ത്യന്‍ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോര്‍ട്ട് പരിഷ്‌കരണം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സാധാരണ തൊഴിലാളികളെയും അഭ്യസ്ത വിദ്യരെയും രണ്ടായി തിരിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നടപടിയെന്നും ഇതിലൂടെ പത്താംതരം പാസാകാത്ത തൊഴിലാളികള്‍ രണ്ടാംതരക്കാരായാണ് പരിഗണിക്കപ്പെടുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

“നമ്മുടെ നാട്ടില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്. അവരില്‍ പത്താം ക്ലാസ് പാസാകാത്തവരുണ്ടാകും. ബിസിനസ് സമൂഹത്തിലും അത്തരക്കാര്‍ കാണും. അവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് പ്രത്യേക നിറം നല്‍കിയാല്‍ ഇതര രാജ്യങ്ങളിലെത്തുമ്പോള്‍ അവര്‍ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക. തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും ഇത് നയിക്കു”മെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പൗരന്മാരെയും തുല്യരായി കാണുന്നതാണ് നമ്മുടെ ഭരണ ഘടനയെന്നും സ്വന്തം രാജ്യം തന്നെ പൗരന്‍മാരെ ഇങ്ങനെ തരം തിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി എത്രയും വേഗം നടപടി തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നും കേന്ദ്രം തീരുമാനിച്ചിരുന്നു.