കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ടയിലെ കോന്നിയില്‍ മൂന്ന് മുന്നണികളും വീറും വാശിയോടും കൂടി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. പക്ഷെ തെരഞ്ഞെടുപ്പ് നടന്നോട്ടെ, സ്ഥാനാര്‍ത്ഥികളില്‍ ആര് വേണമെങ്കിലും ജയിക്കട്ടെ, ഞങ്ങള്‍ വോട്ട് ചെയ്യില്ല… എന്ന നിലപാടിലാണ് കോന്നിയിലെ പ്രമാടം പഞ്ചായത്തിലെ 19 ാം വാര്‍ഡിലെ വോട്ടര്‍മാര്‍. കാരണം അവരുടെ ആവശ്യം കുടിവെള്ളമാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവരുടെ കുടിവെള്ള പ്രതിസന്ധി. ഈ ആവശ്യത്തിന് ആറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് വോട്ടര്‍മാര്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പത്തനംതിട്ടയില്‍ നിന്നും നാല് കിലോമീറ്റര്‍ തെക്ക് മാറിയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. കോഴഞ്ചേരി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കോന്നി ബ്ലോക്കിലാണ് ഈ മലയോര ഗ്രാമം. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലേക്കും വാട്ടര്‍ അതോറിറ്റിയുടെ പൊതുപൈപ്പില്‍ നിന്നാണ് വെള്ളം എത്തുന്നത്. എന്നാല്‍ പത്തൊന്‍പതാം വാര്‍ഡില്‍ വെള്ളം എത്തിയിട്ട് ഇന്നേക്ക് ഏഴ് ദിവസം കഴിഞ്ഞു. സ്ഥിരമായി ഇവിടെ വെള്ളം മുടങ്ങാറുണ്ടെന്നും അഞ്ചോ ആറോ ദിവസം തുടര്‍ച്ചയായി വെള്ളം ലഭിച്ചാല്‍ അടുത്ത പത്ത് ദിവസത്തേക്ക് വെള്ളം ലഭിക്കില്ലെന്നും പ്രദേശവാസിയായ സുബിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന പ്രദേശമാണ് ഇവിടം. വെള്ളം മുടങ്ങുന്നത് ഇവിടെ പതിവാണ്. ആറ് വര്‍ഷത്തിലേറെയായി ഈ പ്രശ്‌നം പ്രദേശവാസികള്‍ നേരിടുന്നുണ്ട്. അഞ്ചോ ആറോ ദിവസം തുടര്‍ച്ചയായി വെള്ളം ലഭിക്കും. പിന്നെ പത്ത് ദിവസം വെള്ളം ഉണ്ടാവില്ല. ഇവിടെ കിണര്‍ വെള്ളം വളരെ കുറഞ്ഞ വീടുകളില്‍ മാത്രമേയുള്ളു. കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നത് പൊതുപൈപ്പിനെയാണ്. പരാതിപ്പെട്ടപ്പോഴെല്ലാം പല കാരണങ്ങളാണ് അധികൃതര്‍ പറയുന്നത്. പവര്‍ ഇല്ലാത്ത മോട്ടര്‍ ആയിരിക്കും അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ വെള്ളം പമ്പ് ചെയ്യുന്നത് കൊണ്ടാവാം ഇവിടെ വെള്ളം ലഭിക്കാത്തത് എന്നൊക്കെയാണ് അധികൃതരുടെ വാദം. കുറഞ്ഞത് 150 ഓളം കുടുംബങ്ങള്‍ക്ക് ഇവിടെ വെള്ളം ലഭിക്കാറില്ല. വെള്ളം വില കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. രണ്ടോ മൂന്നോ ദിവസത്തേത്ത് രണ്ടായിരത്തിലധികം രൂപയിലധികം രൂപയുടെ വെള്ളം വാങ്ങേണ്ടിവരും, ഒട്ടും നിവൃത്തിയില്ലാതെയാണ് ഇങ്ങനൊരു പ്രതിഷേധവുമായി ഇറങ്ങിയത്.’ സുബിന്‍ പറഞ്ഞു.
രണ്ടാഴ്ച്ചയായി പൊതുപെപ്പില്‍ വെള്ളം എത്താതായതോടെയാണ് ഇവര്‍ വോട്ട് ബഹിഷ്‌ക്കരിക്കുക എന്ന തീരുമാനത്തിലെത്തിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ വോട്ട് ബഹിഷ്‌ക്കരിക്കുന്നതാണ് ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗമെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. വോട്ട് ചോദിച്ചുവരുന്ന സ്ഥാനാര്‍ത്ഥികളോട് ഇവര്‍ വിഷയം അവതരിപ്പിക്കാറുണ്ടെങ്കിലും പരിഹാരം കാണാമെന്ന ഒറ്റ മറുപടിയില്‍ അവരും നിര്‍ത്തുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
‘ഞങ്ങള്‍ ആദ്യം പഞ്ചായത്തില്‍ പോയി സെക്രട്ടറിയെ കണ്ടിരുന്നു. രേഖാ മൂലം പരാതി കൊടുക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. ഞങ്ങള്‍ രേഖാമൂലം പരാതി നല്‍കി. എത്ര തവണ പരാതി നല്‍കിയിട്ടും ഒരു ഫലവും കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളൊന്നും ഇല്ല.. രാഷ്ട്രീയക്കാരൊക്കെ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നാണ് പറയുന്നത്. ഞങ്ങള്‍ക്കറിയില്ല. നേരത്തേയും ഞങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ട്.
മറ്റ് പതിനെട്ട് വാര്‍ഡുകളിലും പ്രശ്‌നമൊന്നുമില്ല. പിന്നെ നിങ്ങള്‍ക്ക് മാത്രമെന്താണ് ഈ പ്രശ്‌നം എന്നാണ് അവരുടെ ചോദ്യം. അവരെ സംബന്ധിച്ച് വളരെ നിസ്സാരമായിട്ടുള്ള ഒരു കാര്യമാണത്. എന്നാല്‍ ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഇത് ജീവിത പ്രശ്‌നമാണ്. പരാതി കൊടുത്തു മടുത്തതാണ്. അങ്ങനെയാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.’
ഏകദേശം നൂറ്റിഅമ്പതോളം കുടുംബങ്ങളാണ് പ്രധാനമായും കുടിവെള്ള പ്രശ്‌നം നേരിടുന്നത്. ഇവിടെനിന്നുമായി 800 ല്‍പ്പരം വോട്ടര്‍മാരുണ്ടാവും. പ്രതിഷേധ പരിപാടി സംഘടിപ്പിച്ച അതേ ദിവസം തന്നെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന് മുന്നിലായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിചാരിച്ചത് പാര്‍ട്ടിക്കെതിരെ നടത്തിയ പരിപാടിയാണെന്നും പക്ഷെ വര്‍ഷങ്ങളായി നേരിടുന്ന കുടിവെള്ള പ്രശ്‌നത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം ഒരു രാഷ്ട്രീയപാര്‍ട്ടിക്കുമെതിരല്ലെന്നും ഞങ്ങളുടെ ആവശ്യം കുറച്ച് കുടിവെള്ളം വേണമെന്ന് മാത്രമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
മൂന്ന് മുന്നണികളും കടുത്ത പോരാട്ടം നടക്കുന്ന കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ടി.യു ജനീഷ് കുമാറും,യു.ഡി.എഫിന്റെ മോഹന്‍രാജും, ബി.ജെ.പിയുടെ കെ സുരേന്ദ്രനുമാണ് വോട്ട് തേടുന്നത്.
അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുന്‍പ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററുടെ പേര് ഉയര്‍ന്നിരുന്നു. റോബിന്‍ പീറ്ററാണ് പ്രമാടം പഞ്ചായത്ത് പ്രസിഡണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ