| Monday, 21st October 2019, 7:50 am

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു; മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ കനത്ത മഴ; ആശങ്കയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

എന്നാല്‍ മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളില്‍ യന്ത്രതകരാറുമൂലം വോട്ടിംഗ് ആരംഭിക്കാനായിട്ടില്ല. അങ്കടി മൊഗറിലെ 165,166 ബൂത്തുകളിലും , ഉപ്പള ഹൈസ്‌ക്കൂളിലെ 69 ാം ബൂത്ത് എന്നിവിടങ്ങളിലും യന്ത്രതകരാര്‍ ഉണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

896 പോളിങ് സ്റ്റേഷനുകളിലായി 9,57,509 പേര്‍ക്കാണ് വോട്ടവകാശമുള്ളത് . 4,91,455 വനിതകളും 4,66,047 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പടെയാണിത്.

അതേസമയം മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ പെയ്യുന്നുണ്ട്. എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് പോളിംഗ് ശതമാനത്തെ കുറയ്ക്കുമോ എന്നുള്ള ആശങ്കയിലാണ് പാര്‍ട്ടികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇരുജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

DoolNews Video

We use cookies to give you the best possible experience. Learn more