അരൂരില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ വോട്ടുകള്‍ തീരുമാനിക്കും ആര് വിജയിക്കണമെന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്

സിറ്റിംഗ് എം.എല്‍.എയായിരുന്ന എ.എ ആരിഫ് ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി വിജയിച്ചതിനെ തുടര്‍ന്നാണ് അരൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രചരണം ആരംഭിച്ചപ്പോള്‍ പതിവ് പോലെ ഇടതുമുന്നണിക്കായിരുന്നു മുന്‍തൂക്കമെങ്കിലും അവസാന നിമിഷം ഇടതുമുന്നണിക്കാണോ വലതുമുന്നണിക്കാണോ വിജയം എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറി.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിംഗ് നടന്നത് അരൂരിലാണ്. 8.47 ശതമാനം വോട്ടിംഗ് ആണ് നടന്നത്. 1960ലായിരുന്നു മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് നടന്നത്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ചിത്രത്തിലേ വരാത്ത തരത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം നടത്തിയത്. എല്‍.ഡി.എഫും യു.ഡി.എഫും നേര്‍ക്ക് നേര്‍ പോരാട്ടമാണ് ഇവിടെ നടക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇരുമുന്നണികള്‍ക്കും കഴിഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു.സി.പുളിക്കലിന്റെ സ്ഥാനാര്‍ത്ഥിത്വം ആദ്യമേ പ്രഖ്യാപിച്ചതിനാല്‍ പ്രചരണത്തില്‍ ആദ്യ ഘട്ടത്തില്‍ മുന്നിലെത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു. മനുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഷാനി മോള്‍ ഉസ്മാന്‍ എത്തിയതെങ്കിലും ദിവസങ്ങള്‍ക്കകം ഒപ്പത്തിനൊപ്പമെത്താന്‍ കഴിഞ്ഞു. ആര്‍ക്കാണ് വിജയം എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നതാണ് അരൂരിലെ അവസ്ഥ.

വര്‍ഷങ്ങളായി വിജയിക്കുന്ന മണ്ഡലമെന്ന ധൈര്യമായിരുന്നു ഇടതുമുന്നണിയ്ക്ക. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 600 വോട്ടിന്റെ ഭൂരിപക്ഷം ഈ മണ്ഡലത്തില്‍ നിന്ന് നേടാനായതിന്റെ ആത്മവിശ്വാസമായിരുന്നു ഐക്യമുന്നണിയുടെ പ്രധാന മൂലധനം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി.ഡി.ജെ.എസിന്റെ അനിയപ്പന് 27,753 വോട്ടാണ് ലഭിച്ചത്. ഇക്കുറി ഈ എണ്ണത്തിലേക്ക് എത്തില്ലെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. 15000 വോട്ടിന് അപ്പുറത്തേക്ക് പോവില്ലെന്നാണ് ബി.ജെ.പിയുടെ അവസാന കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ അരൂരില്‍ 2500 വോട്ടുകള്‍ കുറഞ്ഞിരുന്നു. ഇക്കുറി 12000 വോട്ടുകള്‍ കുറയുകയും ആ വോട്ടുകള്‍ ആര് നേടുന്നോ അവര്‍ വിജയിക്കും എന്നാണ് അവസാന കണക്കുകൂട്ടലുകള്‍.