| Wednesday, 25th September 2019, 9:18 pm

തിരിച്ചുവരവിന് യുവരക്തത്തില്‍ വിശ്വാസമര്‍പ്പിച്ച് എല്‍.ഡി.എഫ്; മറുവശത്ത് യുവാക്കളില്‍ കുഴങ്ങി യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും യുവാക്കളെ പരീക്ഷിച്ച് സി.പി.ഐ.എം. യു.ഡി.എഫില്‍ യുവാക്കള്‍ക്ക് പരിഗണന ഇല്ലെന്ന പേരില്‍ യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ഇടഞ്ഞ് നില്‍ക്കുമ്പോഴാണ് പുത്തന്‍ പരീക്ഷണത്തിന് എല്‍.ഡി.എഫ് ഒരുങ്ങുന്നത്.

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തില്‍ തുടങ്ങി അരൂരില്‍ മനു.സി പുളിക്കനിലെത്തി നില്‍ക്കുമ്പോള്‍ മറുവശത്ത് യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പോലുമാകാതെ മാരത്താണ്‍ ചര്‍ച്ചയിലാണ്.

സാമുദായികമായ സമവാക്യങ്ങളിലും സി.പി.ഐ.എം ഇത്തവണ കാര്യമായ പരിഗണന നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. യുവാക്കളുടെ പിന്തുണയില്‍ വി.കെ പ്രശാന്ത് ഉന്നംവെക്കുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയിടത്ത് നിന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടൂര്‍ പ്രകാശിനെ മാത്രം ജയിപ്പിച്ചു വിടുന്ന കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാറിനെയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഡി.സി.സിയുമായി ഇടഞ്ഞുനില്‍ക്കുന്ന അടൂര്‍ പ്രകാശിന്റെ നീക്കത്തിലും ഇടതുമുന്നണി കണ്ണുവെക്കുന്നുണ്ട്.

അരൂരില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവായ മനു സി.പുളിക്കനാണ് എല്‍.ഡി.എഫിനായി കളത്തിലിറങ്ങുന്നത്. മുന്‍ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു അടക്കം സാധ്യതാപട്ടികയിലുണ്ടായിട്ടും മന്ത്രി ജി.സുധാകരന്‍ നല്‍കിയ ഉറച്ച പിന്തുണയാണ് മനുവിന് തുണയായത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റാണ് അരൂര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആശ്വാസമുണ്ട് ഇവിടെ സി.പി.ഐ.എമ്മിന്.

ഒന്‍പത് തവണ കെ ആര്‍ ഗൗരിയമ്മയെ ജയിപ്പിച്ചു വിട്ട മണ്ഡലമാണ് അരൂര്‍. 2006 ആരിഫിലൂടെ പിന്നെ ഹാട്രിക് അടിച്ചു മുന്നേറി എല്‍ഡിഎഫ്. എന്‍.ഡി.എയ്ക്കായി ബി.ഡി.ജെ.എസിന് നല്‍കിയ സീറ്റാണ് അരൂര്‍. എന്നാല്‍ ഘടകകക്ഷി എന്ന നിലയില്‍ ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന പരിഭവത്തിലാണ് ബി.ഡി.ജെ.എസ്.

ബി.ഡി.ജെ.എസ് അരൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ലെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഈഴവവോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അരൂരില്‍ ബി.ഡി.ജെ.എസിന്റെ നിലപാട് നിര്‍ണായകമാണ്. തുഷാര്‍ വെള്ളാപ്പള്ളി വിദേശത്ത് ജയിലിലായപ്പോള്‍ കേരള സര്‍ക്കാര്‍ ഇടപെട്ടതും ബി.ഡി.ജെ.എസിന്റെ നിലപാടിനെ സ്വാധീനിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എറണാകുളത്ത് ഇടതു സ്വതന്ത്രനെയാണ് സി.പി.ഐ.എം പരീക്ഷിക്കുന്നത്. ലത്തീന്‍ സമുദായംഗമായ യുവ അഭിഭാഷകന്‍ മനു റോയ് സ്വതന്ത്ര ചിഹ്നത്തില്‍ ഇവിടെ മത്സരിക്കും.

മഞ്ചേശ്വരത്ത് മുന്‍ എംഎല്‍എയായ സി എച്ച് കുഞ്ഞമ്പുവിലാണ് സി.പി.ഐ.എമ്മിന്റെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നുള്ള തിരിച്ചു വരവിനായാണ് എല്‍.ഡി.എഫ് ശ്രമം.

മറുവശത്ത് പതിവ് പോലെ യു.ഡി.എഫിനെ സ്ഥാനാര്‍ത്ഥി നിര്‍ണയം കുഴക്കുകയാണ്. മഞ്ചേശ്വരത്ത് കമറുദ്ദീനെ അംഗീകരിക്കില്ലെന്ന് പരസ്യമായി നിലപാടെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. അത് അവഗണിച്ചാണ് കമറുദ്ദീനെ ലീഗ് നിര്‍ദ്ദേശിച്ചത്.

അരൂരിലും  കോന്നിയിലും ഗ്രൂപ്പ് പ്രശ്‌നം വലയ്ക്കുമ്പോള്‍ എറണാകുളത്തും വട്ടിയൂര്‍ക്കാവിലും യൂത്ത് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നതാണ് യു.ഡി.എഫിന് തലവേദന. ചാനല്‍ ചര്‍ച്ചകളിലടക്കം യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ നേതൃത്വം യുവാക്കളെ അവഗണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

എന്‍.ഡി.എയിലാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. പതിവ് പേരുകളായ കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍, ബി. ഗോപാലകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവയാണ് ബി.ജെ.പി ക്യാംപില്‍ നിന്ന് ഉയരുന്നത്. ഇതില്‍ തന്നെ പല നേതാക്കളും മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more