കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ യു.ഡി.എഫിന് പാലാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് എല്‍.ഡി.എഫ് നല്‍കിയത്. അരനൂറ്റാണ്ട് കാലം വിജയിക്കാതിരുന്ന കെ.എം മാണിയുടെ കുത്തകമണ്ഡലത്തില്‍ മാണി സി കാപ്പനിലൂടെ ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയത്തോടെ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ പെരുമ മാത്രമാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എന്‍.ഡി.എയ്ക്ക് അവകാശപ്പെടാനുള്ളത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. അരൂര്‍ മാത്രമാണ് എല്‍.ഡി.എഫിനൊപ്പമുള്ളത്.
പതിവ് പോലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി എല്‍.ഡി.എഫാണ് പ്രചരണരംഗത്ത് ആദ്യമേ ഇറങ്ങിയത്.
വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത്, കോന്നിയില്‍ ജനീഷ് കുമാര്‍, അരൂരില്‍ മനു സി പുളിക്കല്‍, എറണാകുളത്ത് മനു റോയ്, മഞ്ചേശ്വരത്ത് ശങ്കര്‍ റെ എന്നിങ്ങനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക. അഞ്ചിടങ്ങളിലും സി.പി.ഐ.എം തന്നെയാണ് മത്സരിക്കുന്നത്.
യുഡി.എഫിനായി വട്ടിയൂര്‍ക്കാവില്‍ മോഹന്‍ കുമാറും, കോന്നിയില്‍ മോഹന്‍രാജനും അരൂരില്‍ ഷാനി മോള്‍ ഉസ്മാനും എറണാകുളത്ത് ടി.ജെ വിനോദും മഞ്ചേശ്വരത്ത് കമറൂദ്ദീനും മത്സരിക്കുന്നു. നാല് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ മുസ്ലീം ലീഗുമാണ് മത്സരിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ. സുരേന്ദ്രന്‍, അരൂരില്‍ പ്രകാശ് ബാബു, എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ എന്‍.ഡി.എയ്ക്കായി മത്സരിക്കുന്നു. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം അരൂരില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ബി.ജെ.പി തന്നെയാണ് എല്ലായിടത്തും മത്സരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് അവസാനലാപ്പില്‍ എല്‍.ഡി.എഫിനൊപ്പം ഓടിയെത്തിയ യു.ഡി.എഫ് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താനും അരൂര്‍ പിടിച്ചെടുക്കാനുമാണ് ഇറങ്ങുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് ത്രികോണ മത്സരമുണ്ടാകുമെന്ന പ്രതീക്ഷിച്ച വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും എന്‍.ഡി.എ പ്രചരണം മന്ദഗതിയിലായതോടെ ആ പ്രതീതിയും ഇല്ലാതായി.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും പൂര്‍ത്തിയായെന്ന് അവകാശപ്പെടുന്ന എല്‍.ഡി.എഫ് ക്യാംപിന് പാലായിലെ വിജയം സമ്മാനിച്ചത് ചെറിയ ആത്മവിശ്വാസമല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിത് മാത്രം മതിയാകും ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പിനെ എത്രത്തോളം ഗൗരവതരമായാണ് സമീപിക്കുന്നത് എന്ന് മനസിലാക്കാന്‍.
വട്ടിയൂര്‍കാവില്‍ ശരിദൂരവും കടന്ന് യുഡിഎഫിനായി പരസ്യമായി രംഗത്തിറങ്ങിയ എന്‍എസ്എസും ഇടതുമുന്നണിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരിലാണ്. പാലാ തോല്‍വിയില്‍ ഞെട്ടിയ യുഡിഎഫ് ക്യാമ്പിന് എന്‍എസ്എസ് പിന്തുണ നല്‍കുന്നത് വലിയ ആത്മവിശ്വാസം.
എന്നാല്‍ എന്‍എസ്എസിനെ കടന്നാക്രമിക്കുന്ന എസ്.എന്‍.ഡി.പിയുടെ കൂട്ട് ഇടതിന് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു.
മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി ചിത്രത്തിലേയില്ല. വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല കേരളത്തില്‍ അഞ്ചിടത്തും മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് ഇരുമുന്നണികളും പറഞ്ഞുകഴിഞ്ഞു.
എസ്.എന്‍.ഡി.പിയുടെ പിന്തുണ തന്നെയാണ് അരൂരിലും എല്‍.ഡി.എഫ് കണ്ണുവെക്കുന്നത്. ബി.ഡി.ജെ.എസ് മത്സരരംഗത്ത് നിന്ന് മാറിയത് ആര്‍ക്കും ഗുണമാകും എന്നുള്ളത് കണ്ടറിയേണ്ടത്. ഷാനി മോള്‍ ഉസ്മാന്‍ എന്ന കരുത്തയായ സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലം പിടിക്കാന്‍ യുയു.ഡി.എഫ് ഏല്‍പ്പിച്ചത്. മൂന്ന് മുന്നണികളില്‍ നിന്നും മത്സരിക്കുന്ന ഏക വനിതാ സ്ഥാനാര്‍ത്ഥിയും ഷാനി തന്നെ.
കോന്നിയില്‍ അടൂര്‍ പ്രകാശ് ആദ്യം സ്വീകരിച്ച നിലപാട് ആരെ തുണയ്ക്കുമെന്നും വോട്ടെണ്ണലിന് ശേഷം മാത്രം പറയാനാകുന്ന കാര്യമാണ്. പാലാ അട്ടിമറിയുടെ തുടര്‍ച്ച എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നതും കോന്നിയിലാണ്. കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവും ശബരിമല വിഷയവുമൊന്നും ബി.ജെ.പി ക്യാംപിന് പ്രതീക്ഷ വക്കുന്നില്ലെന്നാണ് പ്രചരണ രംഗത്തെ വിലയിരുത്തല്‍ കാണിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് തന്നെയാണ് പ്രചരണത്തില്‍ മുന്നില്‍. എല്ലാ വീടുകളിലും ഓടിയെത്തി യു.ഡി.എഫും കളംപിടിച്ചപ്പോള്‍ പ്രധാന കേന്ദ്രങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയാണ് രണ്ടാം സ്ഥാനത്തുള്ള ബിജെപിയുടെ പ്രചരണം.
മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്വാധീനവും പ്രാദേശിക വികാരവും വളരെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. സങ്കീര്‍ണമായ ഈ രാഷ്ട്രീയസമവാക്യവും ഒപ്പം ശക്തമായ ത്രികോണമത്സരവും ചേരുമ്പോള്‍ അപ്രവചനീയമാണ് മഞ്ചേശ്വരത്തെ ഫലം.
എല്ലാ പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം തിങ്കളാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും. ഒക്ടോബര്‍ 24 ന് ഫലം പുറത്തുവരും. ഒന്നരവര്‍ഷം മാത്രമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭാവിയെ കാര്യമായി സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും 24 ന് പുറത്തുവരിക.