പെന്‍ഷന്‍ പ്രായം 56 ആയി വര്‍ധിപ്പിച്ചു: എതിര്‍പ്പുമായി പ്രതിപക്ഷം
Kerala
പെന്‍ഷന്‍ പ്രായം 56 ആയി വര്‍ധിപ്പിച്ചു: എതിര്‍പ്പുമായി പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th March 2012, 11:03 am

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 55ല്‍ നിന്നും 56 ആക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി കെ.എം മാണി. 2012-13 വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിരമിക്കല്‍ ഏകീകരണം പിന്‍വലിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ധനമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തീരുമാനം പ്രഖ്യാപിച്ചയുടന്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേരളത്തിന് കഴിഞ്ഞതായി ആമുഖ പ്രസംഗത്തില്‍ മാണി പറഞ്ഞു. സംസ്ഥാനത്ത് പദ്ധതിയേതര ചെലവ് 30% ഉയര്‍ന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് അവതരിപ്പിച്ച ധവളപത്രം ശരിയെന്ന് തെളിഞ്ഞു. റവന്യൂവരുമാനത്തില്‍ 19% വര്‍ധനവുണ്ടായി. ശമ്പളച്ചെലവ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 22% വര്‍ധിച്ചു. ശമ്പളം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം 20539 കോടി രൂപ ചിലവഴിച്ചതായും മന്ത്രി അറിയിച്ചു.

കൃഷി, വ്യവസായം, ഗ്രാമവികസനം, സഹകരണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. 2012-13 വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മാണം നിര്‍ണായക ഘട്ടത്തിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍:

കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി

തിരുവനന്തപുരം കോഴിക്കോട് മൊണോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിന് 20 കോടി

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി 22 കോടി

ഹൈടെക്ക് കൃഷി രീതി സംസ്ഥാനത്ത് കൊണ്ടുവരും

നെല്‍കൃഷി വികസനത്തിനായി കുട്ടനാട്ടും പാലക്കാടും റൈസ് ബയോപാര്‍ക്ക് നിര്‍മിക്കും. ഇതിനായി 10 കോടി വകയിരുത്തി

കേരകൃഷി വികസനത്തിനായി നാളികേര ബയോപാര്‍ക്ക് നിര്‍മിക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനത്തിന് 15 കോടി.

ഗ്രീന്‍ ഹൗസ് പദ്ധതി കേരളത്തിലെ എല്ലാ പ്രദേശത്തും വ്യാപിപ്പിക്കും

ഒരോ പഞ്ചായത്തിലുമുള്ള സഹകരണസംഘങ്ങള്‍ക്കോ കര്‍ഷക സംഘങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ ഗ്രീന്‍ ഹൗസ് സ്ഥാപിക്കാം. ഒാരോ പഞ്ചായത്തിലും മൂന്ന് വീതം ഗ്രീന്‍ ഹൗസ് സ്ഥാപിക്കാം. ഇതിന്റെ ചിലവിന്റെ 75% കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡിയായി നല്‍കും. ബാക്കിയുള്ള 25% ബാങ്ക് വായപയായി നല്‍കും.

നിയോജകമണ്ഡലം ആസ്ഥിവികസന ഫണ്ടിലേക്ക് 705 കോടി രൂപമാറ്റിവെക്കും

മലപ്പുറം ജില്ലയില്‍ കോട്ടക്കലിന് സമീപം കേരള ആയുര്‍വ്വേദ സര്‍വകലാശാല നിര്‍മിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായി 1 കോടി രൂപ അനുവദിക്കും.

പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി. ഇതിനായി ഒരു കോടി രൂപ വകയിരുത്തും

പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 4,500 രൂപയായി വര്‍ധിപ്പിക്കും

വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹസഹായം 20,000 രൂപയായി ഉയര്‍ത്തും

ബി.പി.എല്‍ വൃക്കരോഗികള്‍ക്ക് പ്രതിമാസം 525 രൂപയുടെ പെന്‍ഷന്‍

ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാന്‍ 100 കോടി

എല്ലാ ജില്ലകളിലും കിന്‍ഫ്രാ പാര്‍ക്ക് നിര്‍മിക്കും

വിധവാ പെന്‍ഷന്‍ 520 രൂപയാക്കും

വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കും

പെന്‍ഷന്‍ പ്രായം 56 ആക്കി നിജപ്പെടുത്തും

കേരള വെറ്റിനറി സര്‍വകലാശാലയ്ക്ക് 40 കോടി

എരുമേലിയില്‍ ടൗണ്‍ഷിപ്പ് സ്ഥാപനിക്കുന്നതിനുള്ള നടപടി ആരംഭിച്ചു

താനൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്ന 200 കോടി

ഫിഷറീസ് ആന്റ് ഓഷന്‍ സര്‍വകലാശാലയ്ക്കായി 12 കോടി രൂപ

പിന്നോക്കം നില്‍കുന്ന തീരപ്രദേശങ്ങളുടെയും മലയോര പ്രദേശങ്ങളുടെയും വികസനത്തിന് 55 കോടി

തിരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളില്‍ കുടിവെള്ള, വൈദ്യുതി പദ്ധതികള്‍ക്കായി 50 കോടി

ഭവനരഹിതരായ മത്സ്യതൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കും

മലയോര ഹൈവേക്ക് 5 കോടി രൂപ

മലയോര വികസന ഏജന്‍സിക്ക് 5 കോടി. മലയോര റോഡ് വികസനത്തിനായി ഏജന്‍സിക്ക് 65 കോടി രൂപ

വയനാട്ടിലെ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി 1042 കോടി രൂപയുടെ പദ്ധതി

പശ്ചിമഘട്ടത്തിലെ ഓര്‍ക്കിഡുകളെ സംരക്ഷിക്കുന്നതായി വാഗമണ്ണിനടുത്തായി ഓര്‍ക്കിഡ് ഉദ്യാനം സ്ഥാപിക്കാന്‍ 1 കോടി

തീരമൈത്രി പദ്ധതിക്കായി 8 കോടി രൂപ

പശ്ചിമഘട്ടവികസനത്തിനായി 54 കോടി രൂപ

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി 84 കോടി രൂപ

പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കും

പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളില്‍ ഖരമാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കും

തൃശൂരും കോട്ടയത്തും മൊബിലിറ്റി ഹബുകള്‍ നിര്‍മിക്കും

മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം

വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി

എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍

കൊല്ലം കോട്ടപ്പുറം ദേശീയ പാത ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും

കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി

വാഴക്കുളം കൈതച്ചക്കയ്ക്കുവേണ്ടി പൈനാപ്പിള്‍ മിഷന്‍

കോട്ടൂരിലും കാപ്പുകാട്ടിലും ആനസംരക്ഷണ കേന്ദ്രങ്ങള്‍

സാമൂഹ്യ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കും

റോഡ് ടാറിംഗിന് പ്ലാസ്റ്റിക് ഉപയോഗിക്കും

ഓരോ പഞ്ചായത്തിലും ഓരോ കുളം പുനരുദ്ധരിക്കും. ഇതിനായി 47 കോടി രൂപ അനുവദിച്ചു

കുട്ടനാട് അടക്കമുള്ള ജലവിതരണ പദ്ധതിക്ക് 50 കോടി

ജനലനിധി പദ്ധതിക്ക് 110 കോടി

കൂടുതല്‍ ത്രിവേണി സ്‌റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അനുവദിക്കും

കൊല്ലം കാഞ്ഞിരപ്പള്ളി ബൈപ്പാസിന് 8 കോടി

വയനാട് ചുരം റോഡിന് സമാന്തര ബൈപ്പാസ് നിര്‍മിക്കാന്‍ 5 കോടി

കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 32 കോടി രൂപ

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് 43 കോടി

റവന്യൂ- വന്യജീവി സംരക്ഷണത്തിന് 43 കോടി

ആലപ്പുഴ പുറക്കാട്ട് ഗാന്ധി സ്മൃതി വനം

കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടമൊഴിമാക്കി കാര്യക്ഷമതയും ധനശേഷിയും വര്‍ധിപ്പിക്കും

മാലിന്യ സംസ്‌കരണത്തിന് തൃശൂര്‍, കൊല്ലം ജില്ലകളില്‍ പ്രത്യേക സഹായം

കയര്‍മേഖലയ്ക്ക് 100 കോടി

ജെവകശുവണ്ടി കൃഷി വ്യാപിപ്പിക്കും

കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കശുവണ്ടിക്ക് ബ്രാന്‍ഡ്

സംസ്ഥാനത്തെ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്് ക്ലാസ് മുറികളാക്കും

ഹയര്‍സെക്കന്ററി മേഖലയ്ക്ക് 58 കോടി

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് പുരാവസ്തുവകുപ്പിന് 1 കോടി

മഞ്ചേശ്വരത്ത് തുളു അക്കാദമിക്ക് ആസ്ഥാനമന്ദിരം

വന്യമൃഗങ്ങള്‍ നാട്ടിലെത്താതിരിക്കാന്‍ സൗരോര്‍ജ്ജ കമ്പവേലിക്ക് 12 കോടി

കെ.എം മാത്യുവിന് കോട്ടയത്തും, അഴീക്കോടിന് തൃശൂരിലും സ്മാരകം. ഇതിനായി 5 കോടി

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 22 കോടി

യുവജനകാര്യ ബോര്‍ഡിന് 15 കോടി

കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം

കോഴിക്കോട് ജില്ലയില്‍ ഉല്ലൂരാംപാറയില്‍ സ്‌പോര്‍ട്‌സ് അക്കാദമി

ഇടുക്കിയിലെ പൈനാവില്‍ സ്റ്റേഡിയം

ജിമ്മി ജോര്‍ജ്ജിന്റെ ജന്മസ്ഥലമായി പേരാവൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തിന് 472 കോടി

എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രോമകെയര്‍ യൂണിറ്റ് സ്ഥാപിക്കും

വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിനായി 2 കോടി

പാലക്കാടും കൊല്ലത്തും മെഡിക്കല്‍ കോളേജ് ആരംഭിക്കും

തൃശൂരും ആലപ്പുഴയിലും ദന്തല്‍ കോളേജുകള്‍

50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറി സ്ഥാപിക്കും

ടാഗോര്‍ തിയ്യേറ്റര്‍ നവീകരിച്ച് വിവിധോദ്ദേശ സാംസ്‌കാരികകേന്ദ്രമാക്കുന്നതിനായി 7.5 കോടി

അസംഘടിത തൊഴിലാളികള്‍ക്കായി ജനശ്രീ ഭീമ യോജന

തിരുവനന്തപുരം ഏറണാകുളം ജില്ലകളെ നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിക്കും

വനിതകള്‍ക്ക് സ്വയം പര്യാപ്ത നേടുന്നതിനായി വനിതാ ഐ.ടി.ഐകള്‍ സ്ഥാപിക്കും
അരിവാള്‍ രോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം

മലയാളം സര്‍വ്വകലാശാലയ്ക്ക് 50 ലക്ഷം

മാനന്തവാടിയില്‍ ഹെറിറ്റേജ് മ്യൂസിയം

108 ആംബുലന്‍സ് സംവിധാനം എല്ലാജില്ലകളിലും

പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവന സബ്‌സിഡി ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും

വട്ടിയൂര്‍കവിലെ ഫ്രീഡം മെമ്മോറിയലിനായി 1 കോടി

കെ.എസ്.ആര്‍.ടി.സിയില്‍ ജി.പി.എസ് സൗകര്യം ഏര്‍പ്പെടുത്തും

മുസിരിസ് പൈതൃക പദ്ധതിക്ക് 7 കോടി