തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് പകരം ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
പ്രീമെട്രിക്-പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാന വിഹിതമായി എട്ട് കോടി രൂപയും അനുവദിച്ചു.
മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് പ്രീമെട്രിക് സഹായമായി അഞ്ച് കോടി രൂപയും പോസ്റ്റ് മെട്രിക് സഹായമായി 40 കോടി രൂപയും ഉള്‍പ്പെടെ 45 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളെ കേന്ദ്രം ഒഴിവാക്കിയിരുന്നു.
ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിലവില്‍ സ്‌കോളര്‍ഷിപ്പുള്ളൂ. ഇതിന് പകരമായാണ് സംസ്ഥാനം പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും ഫെല്ലോഷിപ്പും പുനഃസ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
കെ. മുരളീധരന്‍ എം.പിക്ക് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
Content Highlight: Kerala Budget 2023 updates; Minority Pre Matric Scholarship