Kerala Budget 2021: പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ല; തിരികെ എത്തിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ; സംസ്ഥാന ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി പറഞ്ഞു.
ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.
ഇതില്‍ 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
കൊവിഡ് വാക്‌സീന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി എത്രയും പെട്ടന്ന് ഗവേഷണം ആരംഭിക്കുന്നതിനായി 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനായി 1000 കോടി നീക്കിവെയ്ക്കുമെന്നും 500 കോടി രൂപ അനുബന്ധമായി നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര കൊവിഡ് വാക്‌സിന് നയം തിരിച്ചടിയായെന്നും വാക്‌സിന്‍ കയറ്റുമതിയില്‍ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.
കൊവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധി തടയാനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ടി 50 കോടി അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിലെ മറ്റുപ്രധാന പ്രഖ്യാപനങ്ങള്‍,
1. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.
2. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി വായ്പ നല്‍കും
3. അന്തരിച്ച മുന്‍മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കും. മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം വകയിരുത്തി
4. സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിക്കായി 5 കോടി അനുവദിച്ചു
5. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളും കൃഷി ഓഫീസുകളും സ്മാര്‍ട്ടാക്കും