ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി, ഭിന്നശേഷിക്കാര്‍ക്ക് 217 കോടി; സ്ത്രീശാക്തീകരണ പദ്ധതിവിഹിതം ഇരട്ടിയാക്കി; സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
Kerala Budget 2020
ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി, ഭിന്നശേഷിക്കാര്‍ക്ക് 217 കോടി; സ്ത്രീശാക്തീകരണ പദ്ധതിവിഹിതം ഇരട്ടിയാക്കി; സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 2:53 pm

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് 2020 അവതരണം പൂര്‍ത്തിയായി. ബജറ്റ് രേഖകള്‍ ധനമന്ത്രി തോമസ് ഐസക് സഭയില്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യവികസനത്തിലും സ്ത്രീസൗഹൃദത്തിലും ഊന്നിക്കൊണ്ടുള്ള ബജറ്റാണ് സഭയില്‍ അവതരിപ്പിച്ചത്.

ബജറ്റില്‍ സ്ത്രീ ശാക്തീകരണ പദ്ധതി വിഹിതം ഇരട്ടിയാക്കി. വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനത്തിന് മൂന്ന് കോടിരൂപ അനുവദിക്കും. മത്സ്യ വില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ആറുകോടി. വയോമിത്രം പദ്ധതിക്ക് 24 കോടി അനുവദിക്കും. എല്ലാ ക്ഷേമ പെന്‍ഷനുകളും 1300 രൂപയായി ഉയര്‍ത്തി. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 500 രൂപകൂട്ടി.

കുടുംബശ്രീ – എല്ലാ നഗരങ്ങളിലും ഷി- ലോഡ്ജുകള്‍, 200 ചിക്കന്‍ ഔട്ട്‌ലറ്റ്, 1000 ഹരിത സംരംഭങ്ങള്‍, 1000 വിശപ്പ് രഹിത ഹോട്ടലുകള്‍, 500 ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍,14 മൈക്രോ ട്രൈബല്‍ പദ്ധതി, 200 ഏക്കറില്‍ സംഘകൃഷി, നാല് ശതമാനം പലിശയ്ക്ക് 3000 കോടിയുടെ ബാങ്ക് വായ്പ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുന്നു.

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:

  • പതിനായിരം പട്ടികവിഭാഗ യുവജനങ്ങള്‍ക്ക് പുതുതായി തൊഴില്‍.
  • പുതിയ തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പി.എഫ് വിഹിതവും സ്ത്രീകള്‍ക്ക് പ്രത്യേകമായി 2000 രൂപയും സര്‍ക്കാര്‍ നല്‍കും. ഇതിനായി 100 കോടിരൂപ.
  • 1000 കോടി രൂപ പുതിയ ഗ്രാമീണ റോഡ് വികസന പദ്ധതി.
  • കെ.എസ്.ആര്‍.ടി.സിക്ക് 1000കോടി; പദ്ധതിയില്‍ 109 കോടി വേറെ.
  • ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി.
  • മുന്നോക്ക സമുദായ ക്ഷേമത്തിന് 36 കോടി.
  • ഭിന്നശേഷിക്കാര്‍ക്ക് 217 കോടി, തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 290 കോടി.
  • 12000 പുതിയ പൊതുടോയ്‌ലറ്റുകള്‍.
  • മുന്‍കാലങ്ങളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ എയിഡഡ് കോളേജുകളില്‍ 1000 പുതിയ തസ്തികകള്‍.
  • പുതിയ 60 ന്യൂജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ അനുവദിക്കും.
  • 400 കയര്‍ പായ യന്ത്രമില്ലുകള്‍, 2000 ഓട്ടോമാറ്റിക് പിരി യന്ത്രങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കും.
  • കയര്‍ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കടാശ്വാസത്തിന് 25 കോടി.
  • 2020-21 ല്‍ 152 തരിശുരഹിത ഗ്രാമങ്ങള്‍.
  • പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സില്‍ പ്രതിമാസം 50രൂപയുടെ വര്‍ദ്ധനവ്.
  • കാര്‍ഷികേതര മേഖലയില്‍ 1000 പേര്‍ക്ക് ഒരാളെന്ന തോതില്‍ 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
  • തീരദേശപാക്കേജിന് 1000 കോടി.
  • കുട്ടനാട് പാക്കേജിന് 2400കോടി.
  • വയനാട് പാക്കേജിന് 2000 കോടി.
  • സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ കൂലി പ്രതിദിനം 50 രൂപയുടെ വര്‍ദ്ധനവ്.
  • ഒരുലക്ഷം പുതിയ വീടുകള്‍.
  • 2.5 ലക്ഷം പേര്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍.
  • 500 മെഗാവാട്ട് വൈദ്യുതി സ്ഥാപിതശേഷി സൃഷ്ടിക്കും.
  • 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക്