തിരുവനന്തപുരം: പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. കുമാരനാശാന്റെ സീതയിലെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രീയ വിമര്‍ശനങ്ങളോടെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായിച്ച കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രസൈനിക വിഭാഗങ്ങളോടും നന്ദിയുണ്ടെന്നും എന്നാല്‍ പ്രളയത്തില്‍ നിന്ന് കരകയറ്റാന്‍ 3000 കോടി രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം കേന്ദ്രം നിഷേധിച്ചെന്നും വായ്പയെടുക്കാനും അനുവാദം തന്നില്ലെന്നും കുറ്റപ്പെടുത്തിയെ മന്ത്രി പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കുമെന്നും പ്രഖ്യാപിച്ചു.
3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തു നവോത്ഥാന പഠന മ്യൂസിയം നിര്‍മിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ശബരിമല വിധിയെ വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തിയ മന്ത്രി സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതിലെന്നും പറഞ്ഞു.