തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ചും ശബരിമല, ലിംഗ സമത്വം വിഷയങ്ങളിലെ കേരള സര്‍ക്കാര്‍ നിലപാടിനെ പ്രശംസിച്ചും ഗവര്‍ണര്‍ പി.സദാശിവം. കേരള നിയമസഭയുടെ പതിനാലാം ബജറ്റ് സമ്മേളനത്തിലെ നയപ്രയഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും അതിനായുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ 100 വര്‍ഷ ചരിത്രത്തിനിടെ ഏറ്റവും വലിയ പ്രളയം നേരിട്ട വര്‍ഷമാണ് കടന്നുപോയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്റെ പ്രസംഗം കേള്‍ക്കൂ എന്നായിരുന്നു ഗവണറുടെ മറുപടി. പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമുണ്ടാകുമെന്നും ഗവണര്‍ മറുപടി നല്‍കി.
“മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് അഭിനന്ദനീയാര്‍ഹമാണ്. വ്യോമസേന, കേന്ദ്ര ദുരിത നിവാരണസേന തുടങ്ങിയ സേനകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഭക്ഷണം, വസ്ത്രം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരളത്തിലെ എല്ലാ മേഖലയിലുള്ളവരും ഒരുമിച്ചു നിന്നുവെന്നും” ഗവണര്‍ പറഞ്ഞു.
“കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ നിലയിലല്ല. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ കേന്ദ്ര സഹായത്തിന് തടസമാകുന്നുണ്ട്. കേരളത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി അര്‍ഹമായ സഹായം നിഷേധിക്കുന്നുവെന്നും” ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
“ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ലിംഗസമത്വം ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനായി ആദ്യമായി ബില്‍ അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. അഴിമതി കുറഞ്ഞതും സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതുമായ സംസ്ഥാനവും കേരളമാണ്. ക്രമസമാധാന പാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം സംസ്ഥാനത്തിനുണ്ട്.
രണ്ടു വര്‍ഷത്തിനിടെ വികസന നേട്ടങ്ങള്‍ കൊയ്യാനും സര്‍ക്കാറിനായി. കൊല്ലം ബൈപാസ്, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, മലയോര ഹൈവേ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞു”- ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ജനുവരി 31ന് അവതരിപ്പിക്കും. ഒമ്പത് ദിവസമാണ് സഭ ചേരുന്നത്. നന്ദി പ്രമേയ ചര്‍ച്ചക്കും ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതം നീക്കി വെച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും.