സംസ്ഥാന ബജറ്റ് ഇന്ന്; പ്രളയാനന്തര നിര്‍മ്മാണത്തിന് ഊന്നല്‍
Kerala News
സംസ്ഥാന ബജറ്റ് ഇന്ന്; പ്രളയാനന്തര നിര്‍മ്മാണത്തിന് ഊന്നല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 7:45 am

തിരുവനന്തപുരം: പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് രൂപം നല്‍കിക്കൊണ്ടുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക. ഈ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നികുതിയുള്ള ഉല്‍പ്പന്നങ്ങളിലാകും സെസ് ചുമത്തുക.

പുനര്‍നിര്‍മാണത്തിന് പണംകണ്ടെത്താന്‍ ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടും. എന്നാല്‍, ജി.എസ്.ടി.യില്‍ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ധന ബാധമാക്കില്ല. അതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല. അതേസമയം ഒരു ശതമാനം അധികം നികുതി നല്‍കേണ്ടിവരുന്നതിനാല്‍ മറ്റ് സാധനങ്ങളുടെ വില കൂടും. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് സെസ് ബാധകമാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കും.

Read Also : ദൈവമേ ഒരിക്കലും ഈ ക്രിമിനലുകള്‍ക്ക് പൊറുത്ത് കൊടുക്കരുതേ; ഹിന്ദുമഹാസഭയ്‌ക്കെതിരെ കവി സച്ചിദാനന്ദന്‍

കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ തവണ വര്‍ദ്ധിപ്പിക്കാതിരുന്ന ക്ഷേമ പെന്‍ഷന്‍ ഇത്തവണ വര്‍ദ്ധിപ്പിച്ചേക്കും. നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശങ്ങളുണ്ടാകും. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.

പ്രളയാനന്തര കേരളത്തിന്റെ വികസന വഴിയില്‍ ഏറെ നിര്‍ണായകമാകുന്ന ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുനര്‍നിര്‍മാണത്തിന് ലക്ഷ്യമിട്ട പണം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിച്ച് വിവിധ മേഖലകളുടെ പുനരുദ്ധാരണത്തിന് ബജറ്റില്‍ ദിശാബോധം നല്‍കുമെന്നും പരിസ്ഥിതി പുനരുദ്ധാരണത്തിനും മെച്ചപ്പെട്ട ജീവിതശൈലിക്കായി ഉപജീവന മാര്‍ഗങ്ങള്‍ പരിപോഷിപ്പിക്കാനുമുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണനയെന്ന് ധനവകുപ്പ് സൂചന നല്‍കിയിരുന്നു.