| Saturday, 13th August 2016, 11:33 am

മഹറെന്നാല്‍ പൊന്നുമാത്രമല്ല: മലപ്പുറംകാരി വരനോട് ആവശ്യപ്പെട്ടത് 50 പുസ്തകങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വന്തം വിവാഹത്തിലൂടെ ഒരു സമുദായത്തിനു വലിയൊരു സന്ദേശം നല്‍കുകയെന്നത് വലിയ കാര്യമാണ്.  സഹല-അനീസ് ദമ്പതികള്‍ അത്തരമൊരു മാതൃക മുന്നോട്ടുവെച്ചിരിക്കുകയാണ്.

മലപ്പുറം സ്വദേശിയായ സഹല പ്രതിശ്രുത വരന്‍ അനീസിനോട് മഹറായി ആവശ്യപ്പെട്ടത് പുസ്തകങ്ങളാണ്. സഹല നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള പുസ്തകങ്ങള്‍ വാങ്ങി നല്‍കിക്കൊണ്ടാണ് ഇരുവരും ദാമ്പത്യ ജീവിതം തുടങ്ങിയത്.

“മഹറുമായി” ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണകളെ തങ്ങളുടെ വിവാഹത്തിലൂടെ തിരുത്തിയിരിക്കുകയാണ് ഇവര്‍. വിവാഹവേളയില്‍ വരനോട് വധു ആവശ്യപ്പെടുന്ന മൂല്യമുളള വസ്തുവാണ് “മഹര്‍”. അതു എന്തായാലും നല്‍കാന്‍ വരന്‍ ബാധ്യസ്ഥനാണ് എന്നാണ് ഇസ്‌ലാം പറയുന്നത്.

പൊതുവെ പണവും സ്വര്‍ണവുമാണ് മഹറായി ആവശ്യപ്പെടുന്നത്. അതും പലപ്പോഴും വധുവിന്റെ ആഗ്രഹമെന്നതിലുപരി ബന്ധുക്കളുടെ താല്‍പര്യമായിരിക്കും പരിഗണിക്കപ്പെടുന്നത്.

പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇത്തരമൊരു നിലപാടുമായി മുന്നോട്ടുപോയതിനു പിന്നിലെന്നാണ് സഹല പറയുന്നത്. “ആദ്യത്തേത് മതഗ്രന്ഥ പ്രകാരം ഒരു സ്ത്രീയ്ക്ക് ഇഷ്ടപ്പെട്ട എന്തും മഹറായി ചോദിക്കാമെന്നും പുരുഷന്‍ അത് നിഷേധിക്കാന്‍ പാടില്ല എന്നുമാണ്. രണ്ടാമതായി ഇരു പാര്‍ട്ടികള്‍ക്കിടയില്‍ കൈമാറുന്ന സ്വര്‍ണത്തിന്റെയോ പണത്തിന്റെയോ തൂക്കം നോക്കാതെയും വിവാഹം നടത്താമെന്ന് മുസ്‌ലീങ്ങള്‍ക്ക് കാട്ടിക്കൊടുക്കണമെന്നുണ്ടായിരുന്നു.” അവര്‍ പറയുന്നു.


Don”t Miss: ഒരു പ്രദേശത്ത് ഒറ്റ ബാങ്ക്: ഷംസീറിനെ പിന്തുണച്ച് എസ്.കെ.എസ്.എസ്.എഫ്


ഈ തീരുമാനത്തിന് എല്ലാതരത്തിലുള്ള പിന്തുണയും നല്‍കി അനീസ് കൂടെ നില്‍ക്കുകയും ചെയ്തു.

“മഹര്‍ എന്നത് സ്ത്രീയുടെ അവകാശമാണ്. പുരുഷന്റെ ഔദാര്യമല്ല. ” അനീസ് ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

“നമ്മുടെ കാലങ്ങളായി എഴുതിവെച്ച കുറേ നിര്‍മിതികളുണ്ടല്ലോ, സൗന്ദര്യ സങ്കല്പനങ്ങളുണ്ടല്ലോ, പൊന്നണിഞ്ഞാലേ സ്ത്രീ സുന്ദരിയാവൂ, പെണ്ണെന്നാല്‍ പൊന്നാണ് എന്ന തരത്തിലുള്ളത്, അതിനെ പൊളിച്ചെഴുതാനുള്ള ശ്രമമായിരുന്നു ഇത്. രണ്ടാമതായി മതപരമായി ഇതു പെണ്ണിന്റെ അവകാശമാണ്. ആണിന്റെ ഔദാര്യമല്ല. എന്നാല്‍ ഒരിക്കലും പോലും സമുദായം മഹര്‍ എന്താണ് വേണ്ടതെന്നതു സംബന്ധിച്ച് അഭിപ്രായം പറയാനുള്ള വോയ്‌സ് കൊടുത്തിട്ടുണ്ട് എന്നു എനിക്കു തോന്നില്ല. ഇതിനെയും പൊളിക്കണമെന്നുണ്ടായിരുന്നു” അദ്ദേഹം വിശദീകരിച്ചു.

“വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ചില ചട്ടങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അവയെ പൊളിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. വിവാഹം എന്നത് ബാധ്യതയല്ല, അനന്തമായ സാധ്യതയാണെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ഇന്ന് സ്വര്‍ണവും മറ്റും ചിലവുകളുമൊക്കെയാവുമ്പോള്‍ ഏതൊരു കുടുംബത്തിനും അതൊരു ബാധ്യതയായി മാറുന്നു.” അനീസ് വ്യക്തമാക്കി.

ഭാര്യയ്ക്കുവേണ്ടിയുള്ള പുസ്തകം തിരയല്‍ ഏറെ ആസ്വദിച്ചെന്നും അനീസ് പറയുന്നു. ബംഗളുരുവിലെ ബ്ലോസംസ്, ഗംഗാറാം, ബുക്ക് വോം തുടങ്ങിയ ബുക്ക്‌സ്‌റ്റോറുകളില്‍ അലഞ്ഞാല്‍ സഹല തന്ന ലിസ്റ്റിലുള്ള പുസ്തകങ്ങള്‍ കണ്ടെത്തിയതെന്നും അനീസ് വ്യക്തമാക്കി.

“പല കോണുകളില്‍ നിന്നും പരിഹാസവും മുറുമുറുപ്പും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതൊരു രാഷ്ട്രീയ നിലപാടായിരുന്നു. അതുകൊണ്ടുതന്നെ എതിര്‍പ്പുകളെ ഞങ്ങള്‍ക്കു പ്രതിരോധിക്കാന്‍ കഴിഞ്ഞു. ” അദ്ദേഹം വ്യക്തമാക്കി.

സഹലയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പൂര്‍ണമായി പിന്തുണച്ചിരുന്നു. എതിര്‍പ്പ് നേരിടേണ്ടി വന്നത് ബന്ധുക്കളില്‍ നിന്നാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ മതഗ്രന്ഥത്തിന് എതിരല്ല ഞങ്ങളുടെ പ്രവൃത്തി എന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ വാദിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇസ്‌ലാം മതത്തില്‍ പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്ക് ഒരുപാട് അവകാശങ്ങളുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത്രയധികം അവകാശങ്ങള്‍ നല്‍കുന്നതിനോട് എതിര്‍പ്പു പ്രകടിപ്പിച്ച ചില പുരുഷന്മാര്‍ ഇക്കാര്യം പ്രവാചകനോടു പരാതിപ്പെട്ടു. എന്നാല്‍ സ്ത്രീകളുടെ ഭാഗത്ത് തെറ്റില്ലെന്നും അത് ദൈവത്തിന്റെ ആഗ്രഹമാണെന്നും പ്രവാചകന്‍ അവരോട് പറയുകയാണുണ്ടായത്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ പുരുഷാധിപത്യം സ്ത്രീകള്‍ക്ക് പല അവകാശങ്ങളും നിഷേധിച്ചു.” സഹല പറയുന്നു.

ബിയിങ് എ മുസ്‌ലിം ഇന്‍ ദ വേള്‍ഡ് (ഹാമിദ് ദബാഷി), ട്വന്റി ലവ് പോയംസ് (പാബ്ലോ നെരൂദ), ഡു യു റിമമ്പര്‍ (കുനാന്‍ പോഷ്‌പോറ) പെഡഗോജി ഓഫ് ദ ഒപ്രസ്ഡ് (പൗലോ കൊയ്‌ലോ) തുടങ്ങിയ പുസ്തകങ്ങളാണ് ഷെഹല മെഹര്‍ ആയി ആവശ്യപ്പെട്ടത്.

ആഗസ്റ്റ് 11നായിരുന്നു ഇവരുടെ വിവാഹം. മലപ്പുറം എം.ഐ.സി കോളജില്‍ അധ്യാപകനും ആര്‍ട്ട് ഡയറക്ടറുമാണ് അനീസ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സഹല

We use cookies to give you the best possible experience. Learn more