ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചുവരവ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.
നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് മഞ്ഞപ്പട തകർപ്പൻ പോരാട്ടം നടത്തിയത്.
ഗ്രീക്ക് താരം ദിമിത്രിയോസ് ദയമാന്റകോസിന്റെ ഒരു ഗോളും, മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിന്റെ ഇരട്ട ഗോളുകളുമാണ് ബ്ലാസ്റ്റേഴ്സിന് കിടിലൻ ജയം സമ്മാനിച്ചത്.
ആദ്യ കളിയിൽ ഈസ്റ്റ് ബെംഗാളിനെ 3-1 ന് തകർത്തതിന് ശേഷം തുടർച്ചയായി 3 മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ നിരാശയിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ്.
എന്നാൽ കോച്ച് ഇവാൻ വുകമനോവിച്ചിന്റെ തന്ത്രങ്ങൾക്ക് ഫലം കണ്ട് തുടങ്ങിയിരിക്കുകയാണിപ്പോൾ.
നേരത്തെ ടീമിലും മത്സരത്തിന്റെ ശൈലിയിലും മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് പറഞ്ഞ ഇവാൻ ടീമിൽ വമ്പൻ അഴിച്ചു പണി നടത്തിയാണ് ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്.
ജെസൽ കർനെയ്റോ, ഹർമൻജോത് ഖബ്ര, വിക്ടർ മൊംഗിൽ, സഹൽ അബ്ദുൽ സമദ്, പ്യൂട്ടിയ എന്നിവരെ പകരക്കാരുടെ നിരയിലേക്ക് മാറ്റി. പകരം സന്ദീപ് സിങ്, ഹോർമിപാം റൂയിവ, നിഷു കുമാർ, ഇവാൻ കലിയൂഷ്നി, സൗരവ് മണ്ഡൽ എന്നിവരെയാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കിയത്.
ആദ്യ ഇലവനിൽ വരുത്തിയ ഈ മാറ്റങ്ങൾ ഫലം കണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ജയം. 66ാം മിനിട്ടിൽ പകരക്കാരനായി കളത്തിലെത്തിയാണ് സഹൽ ഇരട്ട ഗോളുകളുമായി തിളങ്ങിയത്.
ഈ മാസം 13ന് എഫ്.സി. ഗോവക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Content Highlights: Kerala Blasters wins the match against North East United FC