ഐ.എസ്.എല്ലിന്റെ നിലവിലെ സീസണില്‍ വുക്മാനൊവിച്ചിന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ് തുടരുകയാണ്. ഇന്നോളം കാണാത്ത മുന്നേറ്റമാണ് കൊമ്പന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശരാക്കിക്കൊണ്ട് ടീമിലെ ഒരു പ്രധാന താരം ടീം വിടുകയാണ്. ഐ.എസ്.എല്ലിലെ മറ്റൊരു ടീം തന്നെയാണ് താരത്തെ റാഞ്ചിയിരിക്കുന്നത്.
കെ.ബി.എഫ്.സി മീഡിയ ഡെസ്‌ക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ് രണ്ട് വര്‍ഷമായി കേരളത്തിന്റെ വിംഗുകളിലൂടെ എതിര്‍ ഗോള്‍മുഖത്തേക്ക് ആക്രമണമഴിച്ചു വിട്ട സത്യസെന്‍ സിംഗാണ് ഇപ്പോള്‍ ടീം വിടുന്നത്. ഐ.എസ്.എല്ലിലെ മറ്റൊരു സൂപ്പര്‍ ക്ലബായ ഹൈദരാബാദ് എഫ്.സിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
ലോണ്‍ അടിസ്ഥാനത്തിലാണ് സത്യസെന്‍ സിംഗിന്റെ ടീം മാറ്റം.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നും ടീമിലെത്തിയ സത്യസെന്നിന് ഈ സീസണില്‍ കാര്യമായി അവസരങ്ങള്‍ കിട്ടിയിരുന്നില്ല.
‘കേരളത്തിന് വേണ്ടി കളിച്ചിരുന്ന സത്യസെന്നിന്റെ കളിമികവിനെ അഭിനന്ദിക്കുകയാണ്. ഇപ്പോള്‍ ക്ലബ് വിടുന്നത് ഒരു മികച്ച തീരുമാനമാണ്. സത്യസെന്നിന് ഭാവി ജീവിതത്തില്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. സത്യസെന്നിന്റെ സ്ഥാനത്തേക്ക് ഒരുപാട് യുവതാരങ്ങളെ പരിഗണിക്കുന്നുണ്ട്. അവര്‍ തങ്ങളുടെ അവസരം മികച്ചതാക്കുമെന്ന് പ്രതീക്ഷിക്കാം,’ ടീമിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സികിന്‍കിസ് പറയുന്നു.
2019ല്‍ ടീമിന്റെ ഭാഗമായ സത്യസെന്‍ ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങളാണ് കളിച്ചത്. നേരത്തെ ദല്‍ഹി ഡൈനാമോസിനും ഐ. ലീഗല്‍ സാല്‍ഗോക്കറിനായും ഡി.എസ്.കെ ശിവജിയന്‍സിനും വേണ്ടി താരം ബൂട്ടുകെട്ടിയിരുന്നു.
നേരത്തെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹക്കുവിനെയും വി.എസ്. ശ്രീക്കുട്ടനേയും ഗോകുലം എഫ്.സിയിലേക്ക് ലോണില്‍ കളിക്കാന്‍ വിട്ടിരുന്നു. നിലവിലെ ഐ. ലീഗില്‍ ഗോകുലം എഫ്.സിയുടെ താരങ്ങളാണ് ഇരുവരും.
അതേസമയം, ഐ.എസ്.എല്‍ പോയന്റ് ടേബിളില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. എട്ട് മത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് ബ്ലാസ്റ്റേഴ്സിനുളളത്.
16 പോയിന്റോടെ മുംബൈ സിറ്റി എഫ്.സിയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kerala Blasters winger Satyasen Singh Joins Hyderabad FC in Loan, Indian Super League