| Sunday, 4th December 2022, 9:33 pm

കരുത്ത് തെളിയിച്ച് കൊമ്പന്മാർ; ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ നാലാം ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടക്കത്തിലെ മോശം ഫോമിൽ നിന്നും കരകയറി പോയിന്റ് ടേബിളിൽ ഒന്നാമതെത്താനുള്ള യാത്രയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

ഞായറാഴ്ച ജംഷഡ്പൂരിനെ അവരുടെ തട്ടകമായ ജെ.ആർ.ഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലി ലെ തുടർച്ചയായ നാലാം ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

ഒരു കളി കൂടുതൽ കളിച്ച ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്. സി യേ ക്കാൾ ആറ് പോയിന്റിന് മാത്രം പിന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മത്സരത്തിന്റെ 17ാം മിനിട്ടിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നൽകിയ ഗോളിൽ നിന്ന് സ്ട്രൈക്കർ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ നേടിയത്.

ഈ മത്സരവും പരാജയപ്പെട്ടതോടെ തുടർച്ചയായ അഞ്ച് പരാജയങ്ങളോടെ എട്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുകൾ മാത്രം നേടി ലീഗ് ടേബിളിൽ 10ാം സ്ഥാനക്കാരാണ് ജംഷഡ്പൂർ. പകുതി പൂർത്തിയായ ലീഗിൽ ജംഷഡ്പൂരിന് ഇനി തിരിച്ചു വരാൻ അത്ഭുതങ്ങൾ സംഭവിക്കണം.

കളിയുടെ 60 ശതമാനത്തോളവും പന്ത് കൈവശം വെച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു കളിയിൽ പൂർണമായ ആധിപത്യം.ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ച മത്സരത്തിൽ അധികം ഗോൾ അവസരങ്ങൾ ഒന്നും പിറന്നില്ല.

ഡിസംബർ 11ന് ബാംഗ്ലൂർ എഫ്.സി ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഡിസംബർ 8ന് മോഹൻ ബഗാനെയാണ് ജംഷഡ്പൂർ അടുത്തതായി എതിരിടുക.

Content Highlights: kerala blasters win continuously four matches

We use cookies to give you the best possible experience. Learn more