മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ സൈൻ ചെയ്തിരിക്കുകയാണ്. യൂറോപ്യൻ ക്ലബ്ബുകളിൽ അരങ്ങുതകർത്ത താരം ആദ്യമായാണ് ഒരു ഏഷ്യൻ ക്ലബ്ബിന് വേണ്ടി ബൂട്ടുകെട്ടുന്നത്.
റൊണാൾഡോ ഏഷ്യൻ ടീമിന് വേണ്ടി കളിക്കുന്നതോടെ വലിയ നേട്ടമാണ് ഇന്ത്യൻ താരങ്ങൾക്കുണ്ടാകാൻ പോകുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ ലീഗ് ഷീൽഡ് നേടിയാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കും. അങ്ങനെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ഇരുടീമുകളും ഒരു ഗ്രൂപ്പിൽ വന്നാൽ റൊണാൾോയുടെ ടീമിനെതിരെ മഞ്ഞപ്പടക്ക് കാൽപന്ത് തട്ടാൻ അവസരമൊരുങ്ങുകയും ചെയ്യും.
മാത്രമല്ല, റൊണാൾഡോയുടെ ഏഷ്യൻ അരങ്ങേറ്റം സൗദി ഫുട്ബോളിന് വലിയ വാണിജ്യ സാധ്യതകളാണ് തുറന്നു കൊടുക്കുക. 2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്‌ത് എന്നീ രാജ്യങ്ങളുമായി സംയുക്തമായി നടത്താൻ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്.
അതിനുള്ള നീക്കങ്ങൾക്ക് ഊർജ്ജം നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാജ്യത്തിന്റെ അംബാസിഡറായി നിയമിക്കാനും അവർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
റൊണാൾഡോയുടെ സൗദിയിലേക്കുള്ള പ്രവേശം ഏഷ്യൻ ഫുട്ബോളിന് വലിയ ഉത്തേജനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ഫുട്ബോളിനെയും ഒട്ടേറെ നേട്ടങ്ങളാണ് കാത്തരിക്കുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും സൗദി ഫുട്‌ബോൾ ഫെഡറേഷനും തമ്മിൽ അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു.
ഇതുപ്രകാരം അടുത്ത സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും നടക്കുന്നത് സൗദിയിലാണ്. ഇതിനു ശേഷം ഇരുരാജ്യങ്ങളുടെയും ക്ലബ്ബുകൾ തമ്മിൽ മാച്ചുകൾ സംഘടിപ്പിക്കാനും സാധ്യത കാണുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് റൊണാൾഡൊക്കെതിരെ കളിക്കാനുള്ള അവസരം ലഭിക്കും.
അതേസമയം, രണ്ട് വർഷത്തേക്കാണ് റൊണാൾഡോ ക്ലബ്ബുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിന് പുറത്തേക്ക് റൊണോ കാൽവെപ്പ് നടത്തുന്നത്.
പോർച്ചുഗലിലെ സ്പോർട്ടിങ് സി.പിയിൽ കളിച്ചുതുടങ്ങിയ റൊണാൾഡോ 2003 മാഞ്ചസ്റ്ററിലേക്ക് കളിത്തട്ടകം മാറ്റുകയായിരുന്നു.
അലക്സ് ഫെർഗൂസൻ എന്ന ലെജൻഡിന് കീഴിൽ റൊണാൾഡോ വിശ്വം ജയിക്കാനായി സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ശേഷം സ്പെയ്നിലേക്ക് കാലെടുത്തുവെച്ച താരം റയൽ മാഡ്രിഡിനെ പലകുറി ചാമ്പ്യൻമാരാക്കി. തുടർന്ന് ഇറ്റലിയിൽ യുവന്റസിനൊപ്പവും താരം ജൈത്രയാത്ര തുടർന്നു.
പ്രതിവർഷം 200 മില്യൺ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അൽ നസർ നൽകിയിരിക്കുന്നത്. കളിക്കാരനെന്ന നിലയിൽ കരാർ അവസാനിച്ചാൽ ടീമിന്റെ പരിശീലകനാവാനും റൊണാൾഡോക്ക് കഴിയും.